അനധികൃത ഭൂമിയായതിനാലാണ് റവന്യൂ വകുപ്പ് അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും ഭൂരേഖകൾ ഹാജരാക്കാൻ ജോയ്സ് തയ്യാറാകാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു
ഇടുക്കി: ഇടുക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ ജോയ്സ് ജോർജ് എംപി ഉൾപ്പെട്ട കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം പ്രചാരണ ആയുധമാക്കാൻ കോൺഗ്രസ്. അനധികൃത ഭൂമിയായതിനാലാണ് റവന്യൂ വകുപ്പ് അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും ഭൂരേഖകൾ ഹാജരാക്കാൻ ജോയ്സ് തയ്യാറാകാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
എന്നാൽ, കോൺഗ്രസിന്‍റേത് അനാവശ്യ വിവാദമെന്ന നിലപാടിലാണ് എംപി. കസ്തൂരിരംഗൻ റിപ്പോർട്ട് പ്രചാരണ വിഷയമായ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലാണ് കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ഉയർന്ന് വരുന്നത്. ആരോപണങ്ങളെ ചെറുത്തതോടെ ഇടുക്കിയിൽ വിജയം ജോയ്സ് ജോർജിനൊപ്പം നിന്നു.
എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറവും കൊട്ടക്കമ്പൂര്‍ 58-ാം ബ്ലോക്കിലെ ഭൂമി നിയമപരമായി നേടിയതാണെന്ന് തെളിയിക്കാൻ ജോയ്സിനായിട്ടില്ലെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഭൂരേഖകളുമായി ഹാജരാകാൻ ദേവികുളത്തെ മാറി വന്ന മൂന്ന് സബ് കളക്ടർമാരും നിർദ്ദേശം നല്‍കിയിട്ടും ജോയ്സ് തയ്യാറായില്ല.
1971ലെ ഭൂനികുതി ചട്ടപ്രകാരം പതിച്ച് കിട്ടിയ 32 ഏക്കർ ഭൂമിയാണ് കൊട്ടക്കമ്പൂരില്‍ ജോയ്സിനും കുടുംബാംഗങ്ങൾക്കുമായുള്ളത്. എന്നാൽ, 1974 ഭൂസർവേയിൽ 58-ാം ബ്ലോക്ക് സർക്കാർ തരിശ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ആരോപങ്ങളെ തള്ളിക്കളയുന്നുവെന്ന നിലപാടിലാണ് ജോയ്സ് ജോർജ്. കൊട്ടക്കമ്പൂരിലെ പട്ടയ ഭൂമി തന്‍റെ പിതാവ് വിലകൊടുത്ത് വാങ്ങിയതാണ്. നിയമലംഘനമില്ലെന്നും ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് കേസ് മുന്നോട്ട് പോകുന്നതെന്നും എംപി പറഞ്ഞു.

