ആലപ്പുഴ: സീറോ ജെട്ടി റോഡിന് ഒത്താശ ചെയ്ത് കൊടുത്തത് ആലപ്പുഴ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡണ്ടുമായ എഎ ഷുക്കൂര്‍. 2009 സെപ്തംബറില്‍ എംഎല്‍എ ആയിരിക്കേ എഎ ഷുക്കൂറാണ് നെല്‍പാടം നികത്തിയുള്ള ഈ റോഡിന് വേണ്ടി പിജെ കുര്യന് ശുപാര്‍ശ കത്ത് നല്‍കിയത്. ലേക് പാലസ് റിസോര്‍ട്ട് കൂടാതെ ആറു കുടുംബങ്ങള്‍ മാത്രമാണ് ഈ റോഡിന്‍റെ ഗുണഭോക്താക്കളെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ തന്നെ തന്‍റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതാണ്. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം..

ലേക് പാലസ് റിസോര്‍ട്ടിനുമുന്നില്‍ ടാറിംഗ് അവസാനിപ്പിക്കുകയും ലേക് പാലസ് റിസോര്‍ട്ട് വരെ മാത്രം ഇരട്ടി വീതിയില്‍ വലിയ ഉയരത്തില്‍ നെല്‍വയല്‍ നികത്തി നിര്‍മ്മിച്ച വലിയകുളം സീറോ ജെട്ടി റോഡ് എങ്ങനയുണ്ടായി എന്ന് മന്ത്രി തോമസ്ചാണ്ടി തന്നെ നിയമസഭയില്‍ വിശദീകരിക്കുകയുണ്ടായി. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് പിജെ കുര്യന്‍ ഫണ്ട് അനുവദിച്ചത് എന്നാണ് തോമസ്ചാണ്ടി പറയുന്നത്.

പക്ഷേ പിജെ കുര്യന്‍ കാര്യങ്ങള്‍ തന്ത്രപരമായാണ് കാര്യങ്ങള്‍ നീക്കിയത്.  സ്വന്തം തലയിലാവാതിരിക്കാന്‍ വേണ്ടത് ചെയ്തിട്ടാണ് വെറും ആറുകുടുംബങ്ങളും ലേക് പാലസ് റിസോര്‍ട്ടുമുള്ള വലിയകുളം സീറോ ജെട്ടി റോഡിന് പണം അനുവദിച്ചത്.  ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡണ്ടും എംഎല്‍എയുമായിരുന്ന എഎ ഷുക്കൂര്‍ അതിന് ശുപാര്‍ശ കത്ത് എഴുതി. ഷുക്കൂറിന്‍റെ ശുപാര്‍ശ കത്തിന്‍റെ ഉള്ളടക്കം ഇതാ ഇങ്ങനെയാണ്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഏകദേശം ഒരു കിലോമീറ്റര്‍ നീളത്തില്‍ പുതുതായി റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി അങ്ങയുടെ പ്രാദേശിക വിസന ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് താല്പര്യപ്പെടുന്നു. 

ആരുടെ താല്‍പര്യമായിരുന്നു എന്ന് പക്ഷേ കത്തില്‍ ഷുക്കൂര്‍ വിശദീകരിക്കുന്നുമില്ല. ഇന്ന് തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വീറോടെ പ്രസംഗിക്കുകയും പ്രതിഷേധ സമരങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് ശുപാര്‍ശ കത്ത് നല്‍കിയത് 2010 സെപ്തംബര്‍ മാസം നാലാം തീയ്യതി. ഈ റോഡ് ആര്‍ക്കാണ് പ്രയോജനപ്പെടുകയെന്ന് ശുപാര്‍ശ ചെയ്യുമ്പോള്‍ എഎ ഷുക്കൂറിന് നന്നായി അറിയാം. ആറ് കുടുംബങ്ങള്‍ക്ക് മാത്രമാണ് ഈ റോഡിന്‍റെ ഗുണം കിട്ടുകയെന്നും നന്നായറിയാം.

എന്നിട്ടും ഒരു എംഎല്‍എ എന്ന നിലയില്‍ രണ്ട് ഏക്കറിലേറെ നെല്‍പാടം നികത്തി എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയുള്ള ഒരു അനധികൃത നിര്‍മ്മാണത്തിന് എഎ ഷുക്കൂര്‍ ഒത്താശ ചെയ്യുകയായിരുന്നു. ഈ ശുപാര്‍ശ കത്ത് അന്ന് എഎ ഷുക്കൂര്‍ കൊടുത്തില്ലായിരുന്നുവെങ്കില്‍ ഈ വിവാദ റോഡിന് വേണ്ടി എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വാരിയെറിയേണ്ടി വരില്ലായിരുന്നു. 

ഇനിയിപ്പോള്‍ ഇതേ റോഡിനായി സിപിഐ നേതാവ് കെഇ ഇസ്മായില്‍ എങ്ങനെ ഫണ്ട് നല്‍കി എന്ന വിവരമാണ് പുറത്തുവരാനുള്ളത്. എംപി മാരുടെ ഫണ്ട് കിട്ടിയപ്പോള്‍ പിന്നെ പദ്ധതി നടത്തിപ്പുകാരനായ ഉദ്യോഗസ്ഥന് ഒരനുമതിയും വാങ്ങാതെ നെല്‍പാടം നികത്തി തനിക്ക് ഇഷ്ടമുള്ള രീതിയില്‍ റോഡ് നിര്‍മ്മിക്കാനുള്ള ധൈര്യവും കിട്ടി.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങാതെ നിര്‍മ്മിച്ച റോഡ്പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവിടേണ്ടി വരും. പക്ഷേ അറുപത് ലക്ഷത്തിലേറെ രൂപ റോഡുണ്ടാക്കാനും ടാര്‍ ചെയ്യാനും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച സ്ഥിതിക്ക് ഇതില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.