തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും രംഗത്തെത്തി.രാജ്യത്തിന്‍റെ മതേതര സംവിധാനത്തിന് വെല്ലുവിളിയാണ് ഏക സില്‍കോഡെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു. വ്യക്തി നിയമത്തിനും ശരീഅത്തിനും എതിരാണ് ഏക സിവില്‍കോഡെന്ന് മുസ്ളീം ലീഗ് കുറ്റപ്പെടുത്തി.

വര്‍ഗീയ അജണ്ട രാജ്യത്ത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ബിജെപി ഏക സിവില്‍കോഡുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. വ്യക്തി നിയമത്തിനും ശരീഅത്തിനും എതിരാണിത്.മതസ്വാതന്ത്രത്തെ ഹനിക്കുന്ന ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും മുസ്ലീ ലീഗ് നേതൃത്വം വ്യക്തമാക്കി.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരൻ പറഞ്ഞു. സർക്കാർ ഉടൻ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നും വി എം സുധീരൻ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കാനുന്ന വിഷയം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര നിയമ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കത്ത് കമ്മീഷന് അയച്ചത്. ഈ പശ്ചാത്തലത്തിലാണ് മുസ്ലീ ലീഗും കോണ്‍ഗ്രസും ഏക സിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.