തൊടുപുഴ: സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തി ത്യ നടത്തുന്നുവെന്നാരോപിച്ച് തൊടുപുഴ സി ഐ എന്‍.ജി. ശ്രീമോനെതിരെ കോണ്‍ഗ്രസ്സ്, കെഎസ് യു, നേതാക്കള്‍ പരാതി നല്‍കി. ഡിജിപി, മുഖ്യമന്ത്രി, പൊലീസ് കംപ്ലെയിന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്.

സ്വാശ്രയ ഫീസ് വര്‍ദ്ധനക്കെതിരെ കെ എസ് യു നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊടുപുഴ സിഐ ചില നേതാക്കളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നു. ഇതിനു ശേഷമാണ് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സി.ഐ. ശ്രീമോന്റെ മൊബൈല്‍ നമ്പരില്‍ നിന്ന് നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുള്ള സന്ദേശം പോസ്റ്റു ചെയ്തത്. തൊടുപുഴ ഹര്‍ത്താല്‍ വിരുദ്ധസമിതിക്ക് കടപ്പാട് എന്നു ചേര്‍ത്തായിരുന്നു സന്ദേശം. ഇതു സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് പരാതികള്‍ അയച്ചിരിക്കുന്നത്.

ഹര്‍ത്താല്‍ ദിവസം പ്രകടനം നടത്തുന്നതിനിടെ സിഐ തോക്കു ലോഡ് ചെയ്തതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറി. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് തൊടുപുഴ ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, ഡിസിസി സെക്രട്ടറി ജിയോ മാത്യു, കെഎസ് യു സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോണ്‍ എന്നിവരാണ് പരാതിക്കാര്‍. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.