ഒന്നുകില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുക, അല്ലെങ്കില്‍ ആര്‍ക്കാണോ വൃക്ക ആവശ്യമുള്ളത് അക്കാര്യം തന്നെ അറിയിക്കാനും  വേദ് പാൽ‌ കത്തില്‍ ആവശ്യപ്പെടുന്നു. 

ദില്ലി: വഴി വിളക്ക് കത്താത്തതില്‍ രോഷം പ്രകടിപ്പിച്ച കൗണ്‍സിലര്‍ വ്യത്യസ്ഥമായ വാഗ്ദാനവുമായി രംഗത്ത്. സൗത്ത് ദില്ലിയിലെ നഗരസഭാ കൗണ്‍സിലര്‍ വേദ് പാലാണ് വഴി വിളക്കിനായി തന്റെ വൃക്ക വില്‍ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി നഗരസഭാ മേയര്‍ക്ക് വേദ് പാൽ കത്തും നല്‍കി. ബിജെപി ഭരിക്കുന്ന സൗത്ത് ദില്ലിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് വേദ് പാല്‍.

ഗുരുഗ്രാമിന് സമീപമുള്ള വാര്‍ഡാണ് ആയാനഗര്‍. ഈ പ്രദേശത്തെ ‌വഴികളിൽ വെളിച്ചമില്ലെന്ന് കാണിച്ച് ജനങ്ങൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് തന്റെ വൃക്ക വിറ്റുകിട്ടുന്ന പണം കൊണ്ട് വഴി വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍ മേയർക്ക് കത്തയച്ചത്.

ഒന്നുകില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുക, അല്ലെങ്കില്‍ ആര്‍ക്കാണോ വൃക്ക ആവശ്യമുള്ളത് അക്കാര്യം തന്നെ അറിയിക്കണമെന്നും വേദ് പാൽ‌ കത്തില്‍ പറയുന്നു. അതേസമയം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറാണെന്ന് വേദ് പാൽ ആരോപിച്ചു.