ഇറ്റാനഗര്‍: ഇന്ത്യന്‍ ഭൂപടത്തിന്‍റെയും ദേശീയ പതാകയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിവാദത്തില്‍. അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. മന്ത്രിക്കൊപ്പം കേക്ക് മുറിച്ച അരുണാചല്‍ ഉപ മുഖ്യമന്ത്രി ചൗനാ മെയ്‌നും മറ്റൊരു നേതാവും വിവാദത്തില്‍പ്പെട്ടു. ഭൂപടത്തിന്റെയും പതാകയുടെയും രൂപങ്ങള്‍ ചേര്‍ത്ത കേക്ക് വാള്‍ ഉപയോഗിച്ച് മുറിച്ചത് തികഞ്ഞ അനാദരവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരംഗാ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനിടെയായിരുന്നു കിരണ്‍ റിജിജുവും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ടട് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971 പ്രകാരം ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇതാദ്യമായല്ല ബിജെപി നേതാക്കള്‍ ദേശീയ പതാകയെ അപമാനിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ ബിജെപി പ്രതികരിച്ചിട്ടില്ല.