അന്വേഷണം നടത്തുന്നത് മൂന്ന് ഏജൻസികളാണെന്നും ഇഡി സമൻസ് നൽകിയി‌‌ട്ടും തുടർനടപടി ഉണ്ടായില്ലെന്നും അനിൽ അക്കര പറഞ്ഞു.

കോഴിക്കോട്: വ‌ടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. അന്വേഷണം നടത്തുന്നത് മൂന്ന് ഏജൻസികളാണെന്നും ഇഡി സമൻസ് നൽകിയി‌‌ട്ടും തുടർനടപടി ഉണ്ടായില്ലെന്നും അനിൽ അക്കര പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൻ ഹാജരായില്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് വിവേക് വിജയൻ ഹാജരാകാത്തത്? എന്തുകൊണ്ട് തുടർന‌‌‌‌ടപ‌ടിയില്ലെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും നിർമല സീതാരാമൻ മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിലേക്ക് നോട്ടീസയച്ചത് ​ഗൗരവതരമാണ്. വിവേക് പ്രതിസ്ഥാനത്ത് വരേണ്ട ആളാണ്. കേന്ദ്രവുമായി നടന്നത് കൃത്യമായ ഡീലാണെന്നും അനിൽ അക്കര ആരോപിച്ചു.

അതേ സമയം, മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നു. ലൈഫ് മിഷൻ കേസിൽ 2023ലാണ് ഇ ഡി സമൻസ് അയച്ചത്. എന്തിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്. വിഷയത്തിൽ ഇ ഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം.

2023ൽ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നായിരുന്നു സമൻസിലുള്ളത്. എന്നാൽ വിവേക് അന്ന് ഹാജരായിരുന്നില്ല. ലൈഫ് മിഷൻ കേസ് വിവാദം കത്തി നിൽക്കുന്ന സമയത്താണ് വിവേകിന് ഇ ഡി സമൻസ് അയച്ചത്. സ്വപ്ന സുരേഷിനും സരിത്തിനും ഇ ഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷൻ വാങ്ങിയെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ വിവേകിനെതിരെ ഇ ഡി തുടർനടപടി എടുത്തിരുന്നില്ല. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നുള്ള ആക്ഷേപം അന്നുതന്നെ കോൺ​ഗ്രസ് ഉയർത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്