ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും രാമക്ഷേത്രവും അയോധ്യയും ചർച്ചയാകുന്നതിനിടെയാണ് റാവത്ത് നിലപാട് ആവര്‍ത്തിക്കുന്നത്

ഡെറാഡൂണ്‍: അയോധ്യയില്‍ രാമക്ഷേത്രം യാഥാത്ഥ്യമാക്കാൻ കോൺ​ഗ്രസ് അധികാരത്തിലെത്തണമെന്ന നിലപാട് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഘണ്ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്. കേന്ദ്രഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനും തന്‍റെ നിലപാടാണുള്ളതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ കാര്യം പരസ്യമായി പറഞ്ഞിട്ടും നേതൃത്വം അത് തള്ളിക്കളയാത്തതും റാവത്ത് ചൂണ്ടികാട്ടി.

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തികൊണ്ടാണ് കഴിഞ്ഞ ദിവസം അദ്ദേഹം രാമക്ഷേത്ര നിര്‍മാണത്തിലെ അഭിപ്രായം വ്യക്തമാക്കിയത്. ബി ജെ പി ധാർമ്മികതയില്ലാത്ത പാർട്ടിയാണെന്ന് റാവത്ത് കുറ്റപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും രാമക്ഷേത്രവും അയോധ്യയും ചർച്ചയാകുന്നതിനിടെയാണ് റാവത്ത് നിലപാട് ആവര്‍ത്തിക്കുന്നത്.