വിശ്വാസ സംരക്ഷണത്തിന് രംഗത്തിറങ്ങിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റ 'വാട്ടർ ലൂ' ആയിരിക്കും സംഭവിക്കുക. ശബരിമല വിഷയത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കാസർകോട്ട് പറഞ്ഞു.
കാസര്‍ഗോഡ്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ അടിവേര് ഇളകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. വിശ്വാസ സംരക്ഷണത്തിന് രംഗത്തിറങ്ങിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റ വാട്ടർ ലൂ ആയിരിക്കും സംഭവിക്കുക. ശബരിമല വിഷയത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കാസർകോട്ട് പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിച്ച് രാഹുൽഗാന്ധി രംഗത്തുവന്നത് കെപിസിസി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. 'സ്ത്രീയും പുരുഷനും തുല്യരാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ സ്ത്രീക്ക് എവിടെയെങ്കിലും പ്രവേശനം വിലക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'- എന്നാണ് രാഹുല്‍ ഗാന്ധി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഎമ്മും ബിജെപിയും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയാണോ രാഹുൽ ഈശ്വർ ആണോ നേതാവെന്ന് കേരളത്തിലെ കോൺഗ്രസുകാർ തീരുമാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. ഭക്തരെ കോൺഗ്രസ് പാതി വഴിയിൽ ഉപേക്ഷിച്ചുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്.
എന്നാല്‍ ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിൽ വിശ്വാസികൾക്ക് ഒപ്പം നില്‍ക്കാന്‍ നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ആശയക്കുഴപ്പം നിലനില്‍ക്കുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടാണ്. എഐസിസി നേരത്ത സ്വീകരിച്ച നിലപാടിന്റെ ഭാഗമാണ് രാഹുൽ ഇപ്പോള്‍ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
