ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ. ജനങ്ങൾ യുഡിഎഫിൽ വിശ്വാസം അർപ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊർജ്ജം നൽകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. യുഡിഎഫ് കെട്ടുറപ്പിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. വളരെ വലിയ വിജയം ആണ് യുഡിഎഫ് നേടിയത്. യുഡിഎഫ് ജയിച്ചിടത്ത് വൻ ഭൂരിപക്ഷത്തിൽ ആണ്. ജനങ്ങളുടെ കടുത്ത പ്രതിഷേധം സർക്കാരിനോട് ഉണ്ടെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മെഴുവേലി പഞ്ചായത്തിൽ 20 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് -9, എൽഡിഎഫ്- 5 എന്നിങ്ങനെയാണ് സീറ്റ് നില. മുൻ എംഎൽഎ കെ.സി രാജഗോപാലൻ ഗ്രാമപഞ്ചായത്ത് അംഗം മാത്രമാണ്. എൽഡിഎഫിന്റെ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്നു കെ സി രാജ​ഗോപാലൻ, സിപിഎമ്മിൽ കനത്ത വിഭാഗീയത നിലനിൽക്കുന്ന പ്രദേശമാണ് മെഴുവേലി. കിഴക്കമ്പലത്ത് ട്വന്റി20 ഭരിച്ച മഴുവന്നൂർ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. എൽഡിഎഫ് ഭരിച്ചിരുന്ന വെള്ളമുണ്ട പഞ്ചായത്ത് യുഡിഎഫ് അട്ടിമറിച്ചു. 16 സീറ്റിലാണ് യുഡിഎഫിന് വിജയം. എൽഡിഎഫിന് 7 സീറ്റ് മാത്രമാണ് നേടാനായത്. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിൻ്റെ വീട് ഉൾപ്പെടുന്ന വാർഡ് അടക്കം യുഡിഎഫ് വിജയിച്ചു. എറണാകുളത്തെ 13 മുനിസിപ്പാലിറ്റികളിലും യുഡിഎഫിന് സര്‍വാധിപത്യം നേടാനായി. ഒരിടത്തും എൽഡിഎഫ് ഇല്ല.