കലിയടങ്ങാതെ കീഴ്​ഘടകങ്ങളിലെ നേതാക്കളും പ്രവർത്തകരും  മധ്യകേരളത്തിൽ രോക്ഷം മാണിയോട് മലബാറിൽ കുഞ്ഞാലിക്കുട്ടിയോട്

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ് രാജ്യസഭാ സീറ്റ് വിവാദം. പരസ്യ പ്രതിഷേധം താഴേ തട്ടില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.

ഹൈക്കമാന്‍റ് തീരുമാനം നേതൃത്വം അംഗീകരിച്ചു, താഴേതട്ടിലും അത് അംഗീകരിക്കപ്പെടുമെന്ന മുന്‍വിധിയാണ് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റികളുടെ പൊട്ടിത്തെറിയോടെ തെറ്റിയത്. ഹൈക്കമാന്‍ഡ് തീരുമാനം വെല്ലുവിളിച്ച് തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ നേതാക്കളുടെ കോലം കത്തിച്ചു. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാകട്ടെ ഒരു പറ്റം നേതാക്കള്‍ നേതൃത്വത്തോട് കലഹിച്ച് രാജിവച്ചു. സര്‍ക്കാരിനെതിരെ ഡിസിസികള്‍ പ്രഖ്യാപിച്ച ബഹുജന പ്രക്ഷോഭങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തോളമായി മുന്നണിയിലില്ലാത്ത കേരളാകോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല‍കിയതിനുള്ള നേതൃത്വത്തിന്‍റെ ന്യായവാദങ്ങളെല്ലാം കീഴ്ഘടകങ്ങള്‍ തളളുകയാണ്.

കേരളാകോണ്‍ഗ്രസ്എമ്മുമായുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീണ കോട്ടയം ഡിസിസിയില്‍ വരുംദിനങ്ങള്‍ നിര്‍ണ്ണായകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഒറ്റക്ക് ജയിക്കാനുള്ള കെല്‍പ് കേരളാകോണ്‍ഗ്രസ് എമ്മിനില്ലെന്ന ബോധ്യത്തില്‍ വലിയ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് തക്കം പാര്‍ക്കുകയാണ്. 

മാണിയുമായുളള ബന്ധത്തിന് ഗുഡ്ബൈ പറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലും അടുത്തകാലത്തൊന്നും മുറിവുണങ്ങാന്‍ ഇടയില്ല. മധ്യകേരളത്തില്‍ മാണിയെയാണ് ഉന്നം വയ്ക്കുന്നതെങ്കില്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തി നിന്ന് സീറ്റ് തട്ടിയെടുത്ത കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധമാണ് വടക്കന്‍ കേരളത്തിലുള്ളത്. മലപ്പുറം ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ ലീഗിന് ഒറ്റക്ക് ഒന്നും ചെയ്യാനാവില്ലെന്നും കോണ്‍ഗ്രസിലെ യുവനിര വ്യക്തമാക്കുന്നു.