തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെക്കുറിച്ചുള്ള ചര്‍ച്ചകൾ കോണ്‍ഗ്രസിൽ സജീവമാകുന്നു. ചേരി തിരഞ്ഞുള്ള മല്‍സരം ഒഴിവാക്കണമെന്നാവശ്യം സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടി എം.പിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പിനായ സമവായസമിതിയുണ്ടാക്കാനാണ് സാധ്യത

കെ.പി.സി.സി പ്രസിന്‍റായി എം.എം ഹസൻ തുടരണമോ അതോ പുതിയ ആളെ ആ പദവിയിലേയ്ക്ക് കൊണ്ടു വരണമോ ? ഇതാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച . പ്രസിഡന്‍റ് പദത്തിനായി എ ഗ്രൂപ്പ് ശക്തമായ അവകാശവാദം ഉന്നയിക്കും. ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്‍റാകണമെന്നാവശ്യം എ ഗ്രൂപ്പിലുണ്ട്.പക്ഷേ പ്രസിഡന്‍റാകാനില്ലെന്ന് നിലപാടിലാണ് ഉമ്മൻ ചാണ്ടി. 

പാര്‍ട്ടി കുടുംബ സംഗമങ്ങള്‍ പ്രധാന നേട്ടമായി അവതരിപ്പിക്കുന്ന എം.എം ഹസന് അധ്യക്ഷ പദവിയിൽ തുടരണമെന്ന് താല്‍പര്യമുണ്ടെന്നാണ് വിവരം. അതേ സമയം എ ഗ്രൂപ്പിൽ നിന്ന് തന്നെ ബെന്നി ബഹ്നാനാൻ, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നീ പേരുകള്‍ സജീവമാണ്. വി.ഡി സതീശൻ, പി.ടി തോമസ് ,കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പേരുകളും നേതാക്കള്‍ ഉയര്‍ത്തുന്നു. 

സംഘടനാ തിരഞ്ഞെുടുപ്പിനായ വാദിച്ച എ ഗ്രൂപ്പ് വാശിയോടെ അംഗങ്ങളെ ചേര്‍ത്തിരുന്നു. പക്ഷേ സംഘടന പിടിക്കാനായി നേര്‍ക്കു നേര്‍ മല്‍സരത്തിനുള്ള ശേഷി പാര്‍‍ട്ടിക്കിപ്പോഴില്ലെന്നാണ് നേതാക്കളുടെ പൊതുവികാരം. മൽസരം വേണ്ടെന്ന അഭിപ്രായം എം.പിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പിൽ സമവായത്തിനായി പ്രധാന നേതാക്കള്‍ അടങ്ങുന്ന സമിതിയുണ്ടാക്കാനുള്ള സാധ്യത . സംസ്ഥാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയിലുള്ള സുദര്‍ശൻ നാച്ചിയപ്പൻ വരും ദിവസങ്ങളിൽ ജില്ലകളിലെത്തി എം.എല്‍.എമാരുടെയും അഭിപ്രായം കേള്‍ക്കും .അടുത്ത മാസം അവസാനത്തോടെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.