കൽപ്പാത്തി കൗൺസിലർ ശരവണനാണ് രാജിവച്ചത്. ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചർച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പാണ് രാജി

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ ഉള്ള യുഡിഎഫ് അവിശ്വാസം ഇന്ന് പരിഗണിക്കാനിരിക്കെ കോൺഗ്രസ് കൗൺസിലർ രാജിവച്ചു. കൽപ്പാത്തി കൗൺസിലർ ശരവണനാണ് രാജിവച്ചത്.

ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചർച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പാണ് രാജി. ഇതോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് കഴിഞ്ഞുള്ള രാഷ്ട്രീയം ഏറെ സങ്കീര്‍ണമായി. അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പ്രമേയം രാവിലെ ഒമ്പതിനും ഉപാധ്യക്ഷനെതിരെയുള്ളത് വൈകുന്നേരം മൂന്നിനും ചര്‍ച്ചയ്ക്ക് എടുക്കുമെന്നാണ് അറിയിച്ചിരുന്നത്.

52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചാല്‍ മാത്രമേ അവിശ്വാസം പാസാകുകയുള്ളൂ. ഇതിനിടെ സ്വന്തം പാളയത്തില്‍ നിന്നുള്ള രാജി കോണ്‍ഗ്രസിനെയും യുഡിഎഫിനേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷൻമാരെ ഇടത് പിന്തുണയോടെ പുറത്താക്കിയിരുന്നു. ഈ നിലപാട് സിപിഎം തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇപ്പോൾ നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.

52അംഗ കൗൺസിലിൽ ബിജെപിക്ക് 24 അംഗങ്ങളാണ് ഉള്ളത്. 18 പേരുണ്ടായിരുന്ന യുഡിഎഫിന് ശരവണന്‍റെ രാജിയോടെ അത് 17 ആയി ചുരുങ്ങി. ഇടത് മുന്നണിക്ക് ഒമ്പത് അംഗങ്ങള്‍ ഉള്ളപ്പോള്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഒരാളാണ് നഗരസഭയിലുള്ളത്.