ബംഗളുരു: രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ കര്‍ണാടക സര്‍ക്കാരിന് ഒന്നും സംഭവിക്കില്ലെന്ന് കോണ്‍ഗ്രസ് . ബി.ജെ.പി തങ്ങളുടെ മൂന്ന് എം.എല്‍.എമാരെ റാഞ്ചുകയാണെങ്കില്‍ അവരുടെ ആറ് എം.എല്‍.എമാരെ തങ്ങളുടെ പാളയത്തില്‍ എത്തിക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ബി.ജെ.പിയുടെ നീക്കത്തില്‍ ഒട്ടും ഭയമില്ല. അവര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 14-15 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. സ്വതന്ത്രരുടെ പിന്തുണ ഇല്ലെങ്കില്‍ പോലും 117 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമാണ്. ബി.ജെ.പിക്ക് 104 എം.എല്‍.എമാരുമെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കിയതോടെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. 

മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന ഇരുവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. കുമാരസ്വാമി മന്ത്രിസഭയില്‍ അംഗമായിരുന്ന ആര്‍ ശങ്കറിന് മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.