കോണ്‍ഗ്രസിനെ കരുക്കിലാക്കി പ്രണബ് മുഖര്‍ജി പരിശീലന ക്യാമ്പിനോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ മുഖ്യാതിഥിയാകും 

ദില്ലി: ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ്. ജൂണ്‍ ഏഴിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി നാഗ്പൂരില്‍ സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പില്‍ മുഖ്യാതിഥിയായാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്.

ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള പ്രതികരണങ്ങള്‍ക്കുമില്ലെന്നും അവരുടെയും തങ്ങളുടെയും പ്രത്യേയശാസ്ത്രം വളരെയധികം വ്യത്യാസമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരന്തരം ആരോപണം ഉന്നയിക്കുമ്പോള്‍ പ്രബബ് മുഖര്‍ജിയുടെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കു വഴി തുറന്നിട്ടുണ്ട്.

സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും എതിരാളികളാണെങ്കിലും ശത്രുക്കളല്ലെന്നുമുള്ള സന്ദേശമാണ് മുന്‍ രാഷ്ട്രപതി നല്‍കുന്നതെന്നും ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പ്രതികരിച്ചു. വിഷയം മറ്റൊരു തരത്തില്‍ അവതരിപ്പിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. രാജ്യ വിരുദ്ധരെന്നും നീതിക്കെട്ടതെന്നുമെല്ലാം ആര്‍എസ്എസിനെ പ്രണബ് മുഖര്‍ജി വിശേഷിപ്പിച്ചിട്ടുണ്ട്.

അങ്ങനെയൊരാളെ തങ്ങളുടെ പരിപാടിയില്‍ വിളിച്ചത് അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് അംഗീകരിച്ചതുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന പരിപാടിയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

രാഷ്ട്രപതിയായിരുന്നപ്പോള്‍ എല്ലാ ആശയ വ്യത്യാസങ്ങളും മറന്ന് മോഹന്‍ ഭഗവതിനെ പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനിലേക്കു ക്ഷണിച്ചതും അന്നു വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസിനെ ഏതു വിഷമഘട്ടത്തില്‍നിന്നും രക്ഷിക്കുന്ന നേതാവെന്ന് വിലയിരുത്തപ്പെടുന്ന പ്രണബ് മുഖര്‍ജി ഇന്ദിര ഗാന്ധിയുടെ കാലം മുതലുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളിലെല്ലാം മന്ത്രിസ്ഥാനത്തുണ്ടായിരുന്നു.

സംഘപരിവാര്‍ പശ്ചാത്തലമില്ലാത്ത പ്രമുഖ വ്യക്തിത്വങ്ങള്‍ ആദ്യമായല്ല തങ്ങളുടെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതെന്നാണ് വിഷയത്തില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനെെസറിന്‍റെ നിലപാട്. 1934ല്‍ മഹാത്മ ഗാന്ധിയും സംഘ ശിബിരത്തില്‍ പങ്കെടുത്തെന്നും ആര്‍എസ്എസ് മേധാവിയുമായി ഇന്ത്യയുടെ ഭാവിയെപ്പറ്റി ചര്‍ച്ച നടത്തിയെന്നും ഓര്‍ഗനെെസറില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.