ഭോപ്പാൽ: രാജസ്ഥാനും ഛത്തീസ്ഗഡിനും പിന്നാലെ മധ്യപ്രദേശിലും അധികാരത്തിലേക്ക്. മധ്യപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടു. 121 അംഗങ്ങളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രിയെ തെര‍ഞ്ഞെടുക്കാൻ നാല് മണിക്ക് നിയമസഭാ കക്ഷിയോഗം ചേരും. 

കോൺഗ്രസ് 114 സീറ്റും ബിജെപി 109 സീറ്റും ബിഎസ്പി രണ്ടും എസ്പി ഒന്നും സ്വതന്ത്രർ 4 സീറ്റുകളാണ് മധ്യപ്രദേശില്‍ നേടിയത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇന്നലെ രാത്രി തന്നെ സർക്കാർ രൂപീകരണ നീക്കങ്ങളും തുടങ്ങി. ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതായും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയുണ്ടെന്നും അറിയിച്ച് ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകിയിരുന്നു. ബി എസ് പി-എസ് പി പാര്‍ട്ടികളുടെ മൂന്ന് സീറ്റും രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും അവകാശപ്പെട്ടാണ് ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകിയത്. പുലർച്ചെ 2 മണിയോടെ മാത്രമാണ് മധ്യപ്രദേശിലെ അവസാനഫലങ്ങൾ പുറത്തുവന്നത്. 

രാത്രി വൈകിയും കോൺഗ്രസ് നേതാക്കൾ ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് തങ്ങി. ഇതിനിടെ വോട്ടെണ്ണലിൽ പിഴവുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എട്ട് സീറ്റിൽ റീ കൗണ്ടിംഗ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് രാത്രി വൈകി ബിജെപി പരാതി നൽകി. ഇതോടെ വലിയ രാഷ്ട്രീയ നാടകങ്ങളാണ് തുടരുന്നത്. സർക്കാർ രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിന് പിന്നാലെ വലിയ ആഘോഷമായിരുന്നു ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്ത്.

നൂറിൽ കൂടുതൽ സീറ്റിൽ ബിജെപി ഉള്ളത് വിജയം അവകാശപ്പെടുമ്പോഴും കോൺഗ്രസിന് ഭീഷണി തന്നെയാണ്. അത് മുന്നിൽ കണ്ട് തന്നെയാണ് കോൺഗ്രസ് രാത്രി തന്നെ നീക്കങ്ങൾ തുടങ്ങിത്. നാടകീയവും ഉദ്വേ​ഗജനകവുമായ നിമിഷങ്ങളിലൂടെയാണ് മധ്യപ്രദേശിലെ വോട്ടെണ്ണൽ ദിനം കടന്നു പോയത്. ആർക്കാണ് മുൻതൂക്കം എന്ന് നിശ്ചയിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ രാത്രി 12 മണി വരെ വോട്ടെണ്ണൽ തുടരാമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. 

ഇന്നലെ രാത്രി ഒൻപത് മണി പിന്നിട്ടപ്പോഴും മുന്നിലും പിന്നിലുമായി കോൺ​ഗ്രസും ബിജെപിയും പോരാട്ടം തുടരുകയായിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ബിജെപി കോട്ടകളായിരുന്ന ചമ്പൽ, ബുന്ദേൽകണ്ഡ്, മാൾവ മേഖലകളിലെല്ലാം കോൺഗ്രസ് ബിജെപിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനം കർഷകരെ കോൺഗ്രസിലേക്ക് അടുപ്പിച്ചുവെന്നാണ് സൂചന. കാർഷിക മേഖലയായ മാൾവ ബെൽറ്റിലെ 66 സീറ്റിൽ ബിജെപി സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസ് പിടിച്ചിട്ടുണ്ട്.