തിരുവനന്തപുരം: കെഎം മാണിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് സഹായം തേടാന്‍ കോണ്‍ഗ്രസ് നീക്കം. എല്ലാം ശരിയാകുമെന്നും ഉമ്മന്‍ചാണ്ടി ഒത്ത് തീര്‍പ്പ് ചര്‍ച്ച തുടരുമെന്നും വിഎം സുധീരന്‍ പറഞ്ഞു. എന്നാല്‍ യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാണിയും കൂട്ടരും കടുത്ത നിലപാടെടുക്കാന്‍ ചരല്‍ക്കുന്നിലേക്ക് നീങ്ങുമ്പോഴും കോണ്‍ഗ്രസ്സിന് പ്രതീക്ഷയാണ്. വര്‍ഷങ്ങളായുള്ള മുന്നണി ബന്ധം അത്ര എളുപ്പത്തില്‍ മാണി മുറിച്ചുകളയില്ലെന്നാണ് കെപിസിസി ആസ്ഥാനത്ത് കൂടിയാലോച നടത്തിയ ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും സുധീരന്റെയും വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടി വീണ്ടും മധ്യസ്ഥന്റെ റോളില്‍ തുടരും മാണി വഴങ്ങിയില്ലെങ്കില്‍ ഹൈക്കമാന്‍ഡിന്റെയും സഹായം തേടും 

ദില്ലിയില്‍ രാഹുലുമായി മൂന്ന് നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയിലും മാണി വിഷയമാകും. മാണി മുന്നണി വിടില്ലെന്ന പ്രതീക്ഷ തന്നെയാണ് മറ്റൊരു മധ്യസ്ഥനായ പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ളത്. പക്ഷെ യുഡിഎഫില്‍ പ്രശ്‌നമുണ്ട്.

ചരല്‍ക്കുന്ന് ക്യാമ്പും ദില്ലി ചര്‍ച്ചകളും ഒത്ത് തീര്‍പ്പ് നീക്കങ്ങളുമൊക്കെയായി യുഡിഎഫിന് ഈയാഴ്ച അതി നിര്‍ണ്ണായകം