ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍. രാവിലെ പത്തരയ്ക്കാരംഭിക്കുന്ന യോഗം ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തും. ടുജി സ്പെക്ട്രം വിധിക്ക് ശേഷമുള്ള സാഹചര്യങ്ങളും യോഗം പരിശോധിക്കും. പാര്‍ലമെന്‍റില്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം ഗുജറാത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ബി.ജെ.പി ചര്‍ച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇതിനായി കേന്ദ്ര നിരീക്ഷകരായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, സരോജ് പാണ്ഡേ എന്നിവര്‍ ഇന്ന് അഹമ്മദാബാദിലെത്തി എം.എല്‍.എമാരെ കാണും. ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശനിയാഴ്ചയോ ഞായറാഴ്ചയോ ഉണ്ടായേക്കും.