ദില്ലി: തലയോട് ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയയുടെ ഒന്നാം ഘട്ടം ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 

40 ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 20 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. ഒഡിഷയില്‍ നിന്നുള്ള രണ്ടര വയസ്സുകാരായ ജാഗ,-ബലിയ സഹോദരങ്ങള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്.


വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കം ന്യൂറോ, കോസ്‌മെറ്റിക്, പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലെ 40 ഡോക്ടര്‍മാരുടെ നേതൃത്തിലാണ് ശസ്ത്രക്രിയ നടന്നത്. 

തലയോട് മാത്രം ഒട്ടിച്ചേര്‍ന്നിരിക്കുന്നതിനാല്‍ വേര്‍പെടുത്തല്‍ താരതമ്യേന എളുപ്പമായിരുന്നെങ്കിലും രണ്ട് പേര്‍ക്കും ഹൃദയത്തില്‍ നിന്നും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനി ഒന്നേയുള്ളൂവെന്നത് ശസ്ത്രകിയ സങ്കീര്‍ണ്ണമാക്കിയിരുന്നു. ഈ ധമനി വിഭജിച്ചതോടെയാണ് ഒന്നാം ഘട്ടം പൂര്‍ത്തിയായത്. 

കുട്ടികള്‍ നിരീക്ഷണത്തിലാണെന്നും തലയോട് വേര്‍പെടുത്തുന്ന ശസ്ത്രക്രിയ പിന്നീട് നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് എയിംസില്‍ തലയോട് ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളുടെ ശസ്ത്രകിയ നടക്കുന്നത്. 

ഇത്തരം ശസ്ത്രക്രിയയില്‍ 25 ശതമാനം മാത്രമാണ് വിജയ സാധ്യതയെന്നിരിക്കെയാണ് എയിംസിന്റെ നേട്ടം. രണ്ട് ലക്ഷം സയാമീസ് ഇരട്ടകളില്‍ രണ്ട് ശതമാനം മാത്രമാണ് തല ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിക്കുക. 

കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് ഒഡിഷയിലെ കാന്‍ഡമാല്‍ സ്വദേശികളായ ഭൂയിയ കന്‍ഹര്‍ പുഷ്പാഞ്ജലി ദമ്പതികളുടെ മക്കളായ ജാഗ എന്ന ജഗന്നാഥനെയും ബലിയ എന്ന ബല്‍റാമിനെയും എയിംസില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ക്കായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഒരു കോടി രൂപ അനുവദിച്ചിരുന്നു.