ബെംഗലുരു: കടലമേളയിൽ ഒരു കവറുമായി നടന്ന് കച്ചവടക്കാരുടെ കയ്യിൽ നിന്ന് കടല ഇരന്നുവാങ്ങുന്ന ഒരു പൊലീസുകാരനാണ് ഇപ്പോൾ കർണാടകത്തിൽ സമൂഹമാധ്യമങ്ങളിലെ താരം. നിർബന്ധിച്ച് കവർ നിറയ്ക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ സസ്പെൻഷൻ ഉത്തരവ് കയ്യിൽ കൊടുത്തിരിക്കുകയാണ് മേലുദ്യോഗസ്ഥർ.

കഷ്ടകാലമാണ് ബെംഗലുരു പൊലീസിനിപ്പോൾ. ഒരാവശ്യവുമില്ലാതെ ആർ ടി നഗറിലെ ഹോട്ടലിൽ കയറി ഉടമയെയും ജീവനക്കാരനെയും തല്ലിയോടിക്കുന്ന ദൃശ്യങ്ങൾ വൈറലായി. അതു പിന്നെ നടപടിയിലെത്തി. തൊട്ടുപിന്നാലെയിതാ ബസവനഗുഡിയിലെ കടലക്കായ് മേളയിൽ നിന്ന് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവം. ആംഡ് റിസർവ് പൊലീസിലെ കോൺസ്റ്റബിൽ മാണ്ഡക്കിയാണ് താരം. പലതരം കടലകളുമായി ആളുകളെത്തിയ കടലക്കായ് മേളയിൽ ഡ്യൂട്ടിയിലായിരുന്നു മാണ്ഡക്കി. ഒരു കവറുമായി മേള മുഴുവൻ ഓടി നടന്ന് കടലക്ക് വേണ്ടി യാചിക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങൾ പുറകെ നടന്ന് ഒരാൾ പകർത്തി.

കടലവിൽപ്പനക്കാരനോട് ഭിക്ഷയാചിക്കുന്ന പൊലീസുകാരനെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ദൃശ്യങ്ങൾ വൈറലായി. കർണാടക പൊലീസിന്‍റെ പുതിയ മോഡൽ ഭിക്ഷ തേടൽ എന്ന ടാഗ്ലൈൻ പടർന്നു. മേലുദ്യോഗസ്ഥർ സംഭവത്തിൽ ഇടപെട്ടതിനെ തുടര്‍ന്ന് ഡിസിപിയുടെ വക അന്വേഷണം. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കൃത്യവിലോപം കാട്ടിയ കോൺസ്റ്റബിൽ മാണ്ഡക്കിയെ സസ്പെൻഷന്‍ഡ് ചെയ്തു.