കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള കുന്നംകുളത്തെ ത്രിവേണി നോട്ട് ബുക്ക് നിര്‍മാണ യൂനിറ്റ് പ്രതിവര്‍ഷം 1200 ടണിലധികം നോട്ടുപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നു. കേരളത്തിലെ 11 പ്രാദേശിക ഓഫീസുകള്‍ക്ക് കീഴിലുള്ള ത്രിവേണി സ്റ്റോറുകള്‍ വഴിയും സഹകരണ സംഘങ്ങള്‍ വഴിയും വില്‍പന നടത്തുന്നു. കണ്‍സ്യൂമര്‍ ഫെഡിന് ഏറ്റവും അധികം വരുമാനം നല്‍കിയിരുന്ന സ്ഥാപനം. 

എന്നാല്‍ രണ്ട് വര്‍ഷമായി കഥ വേറെയാണ്. കേരളത്തിലെ ത്രിവേണി സ്റ്റോറുകളിലും കുന്നംകുളത്തെ നിര്‍മാണ യൂനിറ്റിലുമായി കെട്ടിക്കിടക്കുന്നത് 31.46 ലക്ഷം നോട്ടുപുസ്തകങ്ങള്‍. അതായത് 4.68 കോടി രൂപയുടെ ചരക്ക്. എന്താണ് കാരണമെന്ന് ഇവിടുത്തെ ജീവനക്കാര്‍ തന്നെ പറയും.

സ്കൂള്‍ വിപണിയില്‍ ഇടപെടുന്നതിന് കാണിച്ച അലംഭാവമാണ് ത്രിവേണിയുടെ തകര്‍ച്ചയ്ക്ക് വഴിവച്ചതെന്ന് കണ്‍സ്യൂമര്‍ ഫെഡുതന്നെ വിലയിരുത്തുന്നു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിറ്റൊഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം. കെട്ടിലും മട്ടിലും സ്വകാര്യ പുസ്തക നിര്‍മാതാക്കളോട് മത്സരിക്കാന്‍ പര്യാപ്തമാകും വിധം ത്രിവേണിയെ സജ്ജമാക്കാനുള്ള പദ്ധതികള്‍ തുടങ്ങിയതായി എംഡിയും അറിയിച്ചു. 

അപ്പോഴും പൊതുഖജനാവിന് വന്ന 4.68 കോടിയുടെ നഷ്ടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ എന്ത് നടപടിയെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.