കൊൽക്കത്ത: സിപിഎം കാരാട്ട് പക്ഷത്തിന്റെ നിയന്ത്രണത്തിലാകുന്നത് ഭാവിക്കു നല്ലതല്ലെന്ന് മുൻ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി. ദിവസം ചെല്ലുംതോറും ഇടതു പാര്‍ട്ടികള്‍ ക്ഷയിച്ചു വരികയാണ്. ബംഗാളിൽ പോലും പാർട്ടി അവഗണിക്കപ്പെടുന്നു.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മറ്റി തള്ളി. ഇപ്പോഴും പ്രകാശ് കാരാട്ട് ലോബിക്കാണു പാർട്ടിയുടെ നിയന്ത്രണമെന്നതിനു തെളിവാണിത്. ഇതു ഭാവിക്കു നല്ലതല്ല– സോമനാഥ് ചാറ്റർജി എഎന്‍ഐയോട് പറഞ്ഞു.
രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ സിപിഎമ്മിനെപോലുള്ള പാർട്ടികൾ അത്യാവശ്യമാണ്. വർഗീയ ശക്തികള്‍ക്കെതിരെ, സാധാരണക്കാരുടെ നേർക്കുള്ള ചൂഷണങ്ങൾക്കെതിരെ, കർഷകരും തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ പിന്നെ ആരാണു പോരാടുക? ഇന്ത്യയില്‍ ശക്തമായ ഇടതു മുന്നേറ്റം ഉണ്ടാവേണ്ടതുണ്ട്’– സോമനാഥ് ചാറ്റർജി വ്യക്തമാക്കി.
ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ആവാമെന്ന യെച്ചൂരിയുടെ നിലപാട് കാരാട്ടിന്റെ നേതൃത്വത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയിരുന്നു.
