ജിദ്ദ: യുവതിയെ മതം മാറ്റി ഭീകരവാദപ്രവര്‍ത്തനത്തിനു പ്രേരിപ്പിച്ചു എന്ന ആരോപണം നിഷേധിച്ച് കേസിലെ മുഖ്യപ്രതിയും ഭര്‍ത്താവുമായ മുഹമ്മദ്‌ റിയാസ്. ഈ കേസില്‍ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യുവതി നല്‍കിയ കേസിന് പിന്നില്‍ ബാഹ്യ ശക്തികള്‍ ഉണ്ടാകാമെന്നും മുഹമ്മദ്‌ റിയാസും, പിതാവും ജിദ്ദയില്‍ പറഞ്ഞു.

ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് ന്യൂമാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ്‌ രിയാസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം ചെയ്തു, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദിയില്‍ കൊണ്ടുപോയി അവിടെനിന്നു സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച യുവതി ഇതേക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഈ ആരോപണങ്ങള്‍ പാടെ നിഷേധിക്കുകയാണ് ഇപ്പോള്‍ ജിദ്ദയിലുള്ള മുഹമ്മദ്‌ റിയാസ്. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ഏതെങ്കിലും സംഘടനകളുമായോ, വ്യക്തികളുമായോ തനിക്ക് ഒരു ബന്ധവുമില്ല. ബാങ്കലൂരുവില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ പ്രണയത്തിലായി. യുവതി സ്വമേധയാ ഇസ്ലാംമതം സ്വീകരിച്ചു. വിവാഹത്തിനു ശേഷം തന്നോടൊപ്പം താമസിക്കാന്‍ വിസിറ്റ് വിസയില്‍ സൗദിയില്‍ വന്നു. 

കഴിഞ്ഞ ഒക്ടോബറില്‍ അച്ഛന് സുഖമില്ലെന്ന അറിയിപ്പ് വന്നതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോയി. പിന്നീട് ഭാര്യയുമായി ബന്ധപ്പെടാനുള്ള എല്ലാ അവസരങ്ങളും അവരുടെ കുടുംബം തടഞ്ഞു. തനിക്കെതിരെ ഭാര്യ സ്വമേധയാ ഇങ്ങനെയൊരു ഹരജി നല്‍കില്ലെന്നും ഇതിനു പിന്നില്‍ ബാഹ്യശക്തികള്‍ ഉണ്ടാവാമെന്നും റിയാസ് പറയുന്നു.

 ഇവര്‍ക്ക് സഹായം നല്‍കിയ ഫയാസ് ജമാല്‍, സിയാദ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയെ അവരുടെ പിതാവ് തടങ്കലിലാക്കി എന്നാരോപിച്ച് നേരത്തെ മുഹമ്മദ്‌ റിയാസ് നല്‍കിയ ഹരജിയില്‍ റിയാസിനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് യുവതി പറഞ്ഞിരുന്നു.