Asianet News MalayalamAsianet News Malayalam

മന്ത്രി ഇടപെട്ടിട്ടും നിയമത്തിന് കനിവില്ല; വ്യവസ്ഥ ലംഘിച്ച് പണം തട്ടാന്‍ സഹകരണബാങ്ക്

വായ്പ തുകയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിനുണ്ടായ ചെലവ് കൂടി ചേര്‍ത്താണ് പത്ത് ലക്ഷത്തില്‍പ്പരം രൂപയുടെ നോട്ടീസ് നല്‍കിയതെന്നുമാണ് ബാങ്ക് അധികൃതരുടെ പ്രതികരണം. 

Cooperative bank breaking the provision
Author
Kozhikode, First Published Dec 28, 2018, 6:25 AM IST

കോഴിക്കോട്: സഹകരണ മന്ത്രി ഇടപെട്ടിട്ടും സര്‍ഫ്രാസി കുരുക്കില്‍പ്പെട്ടയാള്‍ക്ക് രക്ഷയില്ല. കുടിയിറക്കപ്പെട്ട അംഗപരിമിതനില്‍ നിന്ന് സര്‍ഫ്രാസി നിയമത്തിലില്ലാത്ത വ്യവസ്ഥകള്‍ ഉന്നയിച്ച് സാമ്പത്തിക ചൂഷണം നടത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്. കടമെടുത്തുണ്ടാക്കിയ വീടിന് മുന്നില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയുകയാണ് നാണുവും കുടംബവും. തലചായ്ക്കുന്നത് ബാങ്ക് മുദ്രവച്ച വീടിന്റെ  തിണ്ണയില്‍ അല്ലെങ്കില്‍ കാലിത്തൊഴുത്തില്‍.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടവ് മുടങ്ങി ഏഴ് ലക്ഷത്തോളമായി. കുടുംബത്തിന്‍റെ  അവസ്ഥ മനസിലാക്കിയ സഹകരണമന്ത്രി കുടിശിക തുക നാലരലക്ഷമാക്കി കുറച്ചു. എന്നാല്‍ മന്ത്രി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ അവഗണിച്ച ബാങ്ക് 10,28,025 രൂപ അടയ്ക്കാനാണ് നാണുവിനോടാവശ്യപ്പെട്ടിരിക്കുന്നത്. വായ്പ തുകയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിനുണ്ടായ ചെലവ് കൂടി ചേര്‍ത്താണ് പത്ത് ലക്ഷത്തില്‍പ്പരം രൂപയുടെ നോട്ടീസ് നല്‍കിയതെന്നുമാണ് ബാങ്ക് അധികൃതരുടെ പ്രതികരണം.

സര്‍ഫ്രാസി നിയമം അതിനനുവദിക്കുന്നുണ്ടെന്നുമാണ് ബാങ്കിന്‍റെ വാദം. കോടതി ചെലവുണ്ടാകും, പരസ്യ ചെലവുകളുണ്ടാകും, സെക്യൂരിറ്റി ചാര്‍ജ്ജസ് ഉണ്ടാകും. ഇങ്ങനെ ഒരു പാട് ചാര്‍ജ്ജസ് ഉണ്ട് ബാങ്ക് കൊടുത്തത്. അതെല്ലാം തിരിച്ചീടാക്കാന്‍ പറയാമല്ലോ. സര്‍ഫ്രാസി നിയമപ്രകാരം വരുന്ന ചെലവുകളാണ്. ഇനി നാണുവിന് നല്കിയ നോട്ടീസ് കാണുക. മൂന്ന് ലക്ഷത്തി മുപ്പത്തിയാറായിരത്തി മുന്നൂറ് രൂപയായി കാണിച്ചിരിക്കുന്നത് സെക്യൂരിറ്റി ചാര്‍ജ്ജാണ്. ഇത് ജപ്തി ചെയ്ത നാണുവിന്‍റെ വീടിന് കാവല്‍ നിന്ന വകയില്‍ രണ്ട് ജീവനക്കാര്‍ക്ക് നല്കിയ മൂന്ന് മാസത്തെ ശമ്പളമാണെന്നാണ് ബാങ്കിന്‍റെ  വിശദീകരണം. 

കൂടാതെ അഭിഭാഷകര്‍ക്ക് ബാങ്ക് നല്കിയ ഫീസും, ജപ്തിക്കായി ജീവനക്കാര്‍ എത്തിയതിന്റെ വണ്ടിക്കൂലിയും നാണു നല്‍കണം. ഈ വിധം തുക ഈടാക്കാന്‍ സര്‍ഫ്രാസി നിയമത്തില്‍ എവിടെയും വ്യവസ്ഥയില്ല. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന് കണ്ടാല്‍ രണ്ട് തവണ പത്രപരസ്യം നല്കാനും, വീട്ടില്‍ നോട്ടീസ് പതിച്ച് ഏറ്റെടുക്കാനും, ട്രിബ്യൂണലില്‍ ബാങ്കിന് അനുകൂലമാകുന്ന കേസുകളില്‍ വില്‍പന നടത്താനുമാണ് നിയമത്തില്‍ പറയുന്നത്. സര്‍ക്കാരിന് കീഴിലുള്ള സഹകരണബാങ്ക് ഈ വിധം ചൂഷണം നടത്തുമ്പോള്‍ ഇരകള്‍ക്കൊപ്പമാണെന്ന വാദത്തിന് എന്താണ് പ്രസക്തി ? സാധാരണക്കാരുടെ അജ്ഞത മുതലെടുക്കുക കൂടിയാണ് ഇവിടെ ബാങ്കുകള്‍ ചെയ്യുന്നത്. 
 

Follow Us:
Download App:
  • android
  • ios