കോട്ടയത്ത് വീണ്ടും ദുരൂഹസാഹചര്യത്തിൽ ദമ്പതിമാരെ കാണാതായി. ചിങ്ങവനം സദനം കവലയിലെ മോനച്ചൻ-നിഷ ദമ്പതിമാരെയാണ് കാണാതായത്. ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് തൊട്ടടുത്ത ദിവസമാണ് കാണാതാകുന്നത്

രണ്ട് ദിവസമായി മോനിച്ചനെയും ഭാര്യ നിഷയെയും കാണാനില്ലെന്നാണ് മോനിച്ചന്റെ അമ്മ ചിങ്ങവനം പൊലീസിൽ നൽകിയിരിക്കുന്ന പരാതി. കാണാതാവുന്നതിന്റെ തലേന്ന് മോനിച്ചനും നിഷയും തമ്മിൽ വീട്ടിൽ ബഹളമുണ്ടാതായി മക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബഹളത്തിൽ നിഷക്ക് പരിക്കേറ്റു. അടുത്ത ദിവസം രാവിലെ മുതൽ ഇരുവരെയും കാണാതാകുകയായിരുന്നു.

കോട്ടയത്തെ ആശുപത്രികളിലൊന്നും നിഷ ചികിത്സ തേടിയിട്ടില്ല. നിഷക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇത് ഭർത്താവ് ചോദ്യം ചെയ്തതാണ് ബഹളത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ ബന്ധത്തെക്കുറിച്ച് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു തമിഴ്നാട്ടിലേക്ക് നിഷ പോയതായാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ കുട്ടികൾ ബന്ധുവിന്റ വീട്ടിലാണ്. കാണാതായവരെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.