ഹൈദരാബാദ്: മിശ്രവിവാഹത്തിലേര്‍പ്പെട്ട ദമ്പതികളെ ആക്രമിക്കാന്‍ ശ്രമം. യുവതിയുടെ ബന്ധുക്കളാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ദമ്പതികള്‍ സഞ്ചരിച്ച കാറിനെ രണ്ടുവാഹനങ്ങള്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാറ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിക്കുകയും ദമ്പതികള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

തെലുങ്കാനയിലെ കമ്മത്താണ് സംഭവം. വെള്ളിയാഴ്ചയാണ് സുമനും സജ്ദാ ഷഹീനും ബന്ധുക്കളറിയാതെ വിവാഹിതരായത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒരു ഹോട്ടലില്‍ താമസിച്ച് ഹൈദരാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആക്രമണ സാധ്യതയുള്ളതിനാല്‍ യെല്ലന്ദു ടൗണിലെ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ വിവരമറിയിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നെന്നും ഇരുവരും മുതിര്‍ന്ന രണ്ടു വ്യക്തികളായതിനാല്‍ ഇവരെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ടതായും സിഐ കെ. ശരണ്‍ഗപാനി വ്യക്തമാക്കി. ദമ്പതികളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നതായും സിഐ പറഞ്ഞു.