Asianet News MalayalamAsianet News Malayalam

കോടതി മുറിയില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയെടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നു

Court
Author
Thiruvananthapuram, First Published Oct 18, 2016, 5:34 AM IST

തിരുവനന്തപുരത്ത് കോടതി മുറിയില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയെടുക്കാതെ  പൊലീസ് ഒത്തുകളിക്കുന്നു. പേരിനൊരു കേസെടുത്തതല്ലാതെ കുറ്റക്കാരായ അഭിഭാഷകരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. സംഭവം നടക്കുമ്പോള്‍ വിജലന്‍സ് കോടതിയില്‍ ഉണ്ടായിരുന്നില്ലെന്നതിന് തെളിവുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രതിപട്ടികയിലെ അഭിഭാഷകര്‍.

തുടക്കം മുതലേ പൊലീസ് അഭിഭാഷക ഒത്തുകളിക്ക് തെളിവുണ്ടായിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം വിസമ്മതിച്ച പൊലീസ് ഒന്നര ദിവസത്തിന് ശേഷം പേരിനൊരു കേസ് രജിസ്റ്റര്‍ ചെയ്തു. അതും സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രം ചുമത്തി. ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് ലേഖകന്‍ പ്രഭാത് നായര്‍ നല്‍കിയ പരാതിയില്‍ അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, അഭിഭാഷകരായ അരുണ്‍ , സുഭാഷ് , രതിന്‍ രാഹുല്‍ എന്നിവര്‍ക്കെതിരെ എടുത്ത കേസിലും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ പ്രതിപട്ടികയില്‍ പെട്ട അഭിഭാഷകര്‍ സംഭവം നടക്കുമ്പോള്‍ വിജലന്‍സ് പ്രത്യേക കോടതിയില്‍ ഉണ്ടായിരുന്നില്ലെന്നതിന് തെളിവുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മറ്റ് കോടതികളിലെ വ്യക്തിപരമായി അടുപ്പമുള്ള ജഡ്ജിമാരില്‍ നിന്ന് ഇതിനുള്ള തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങിയതായാണ് വിവരം. ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും മാധ്യമ വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാറും ആവര്‍ത്തിക്കുമ്പോഴും തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോകാനാകുന്നില്ല. കോടതിയില്‍ കയറി അനാവശ്യ പ്രശ്നമുണ്ടാക്കാതെ പോകാനാണ് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് പറയുന്നത്.

Follow Us:
Download App:
  • android
  • ios