കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണ് സഹായികളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് മണിയുടെ സഹായികളായ ജോബി, അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, പീറ്റര്‍ എന്നിവരെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി ഉത്തരവിട്ടത്. പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി നോട്ടീസയച്ച് ആറു സഹായികളെയും വിളിപ്പിച്ചിരുന്നു. നുണ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇവര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആറുപേരെയും നുണപരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള കോടതി ഉത്തരവിട്ടത്. 

കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ നുണപരിശോധനാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചാലക്കുടി സി.ഐ അറിയിച്ചു. തിരുവനന്തപുരത്തെ ലാബിലാവും നുണ പരിശോധന. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികള്‍ പൊലീസിന് നേരത്തെ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടോ എന്നാകും പൊലീസ് പ്രധാനമായും പരിശോധിക്കുക. മണിയുടെ മരണം കൊലപാതകമോ, ആത്മഹത്യയോ, സ്വാഭാവിക മരണമോ എന്ന് വ്യക്തത വരുത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം നേരത്തെ മനുഷ്യാവകാശ കമ്മീഷനിലും സമര്‍പ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കേസ് സിബിഐയ്‌ക്ക് കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മണിയുടെ സഹായികളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കുന്നതിലൂടെ മണിയുടെ മരണത്തില്‍ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.