തിരുവനന്തപുരം: വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശനം. ബാര്‍കോഴ കേസ്, ഐ.എച്ച്.ആര്‍.ഡി നിയമനം എന്നീ കേസുകള്‍ പരിഗണിക്കുമ്പോഴാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ബാറുടമകളുടെ ശബ്ദരേഖയുടെ ഫോറന്‍സിക് ഫലം ഒരു മാസത്തിനുള്ളില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നിദ്ദേശം നല്‍കി. 

ബാര്‍ കോഴക്കേസില്‍ ബിജുരമേശ് ഹാജരാക്കിയ, ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയുടെ ഫോറന്‍സിക് പരിശോധനാ ഫലം വൈകുന്നതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ചിരുന്ന സി.ഡിയുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്ന കോടതിയുടെ അന്ത്യശാസനം. 30 ദിവസത്തിനകം റിപ്പോ‍ര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 

സുരേഷ് കുമാറിന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടായി ചട്ടവിരുദ്ധമായി നിയമനം നല്‍കിയെന്ന കേസ് പരഗണിക്കവെയാണ് വീണ്ടും കോടതിയുടെ വിമര്‍ശമുണ്ടായത്. മൂന്നു പ്രാവശ്യം ത്വരിത പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. ഇത് തമാശ കളിക്കാനുള്ള ഇടമല്ലെന്ന് കോടതി പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാണെന്ന് കോടതി ഉത്തരവിട്ടു. ജിഷ്ണു പ്രണോയിയുടെ കേസില്‍ സ്വീകരിച്ച കാര്യങ്ങള്‍ നിരത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത് സര്‍ക്കാര്‍ പണത്തിന്റെ ദുരുപയോഗമാണ് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. മുഖ്യമന്ത്രിക്കെതിരെയാണ് ഹര്‍ജി. എന്നാല്‍ സെക്രട്ടേറിയറ്റ് മാനുവല്‍ പ്രകാരം പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.