ഗണേഷ് കുമാർ അമ്മയെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതി  പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊല്ലം: അഞ്ചലില്‍ അമ്മയെയും മകനെയും ഗണേഷ്കുമാർ മർദ്ദിച്ചെന്ന പരാതിയില്‍ പരാതിക്കാരി ഷീനയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് ചവറ കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ നിയമാനുസൃതമായ നടപടി എടുക്കണമെന്ന് വി.എം സുധീരൻ ആവശ്യപ്പെട്ടു. യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഗണേഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും വിഷയത്തിൽ നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സുധീരൻ പറഞ്ഞു. ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അസഭ്യം പറഞ്ഞെന്നും തല്ലിയെന്നും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. സംഭവത്തില്‍ പൊലിസ് ഒത്തുകളിക്കുന്നെന്ന് അനന്തകൃഷ്ണനും അമ്മയും നേരത്തെ പ്രതികരിച്ചിരുന്നു. 

അഞ്ചല്‍ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു.