എബോള പ്രതിരോധത്തിന്‍റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി.
മസ്‌കറ്റ്: എബോള പ്രതിരോധത്തിന്‍റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് അധികൃതർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്ന യാത്രക്കാർ ഇനി മുതൽ ഇലക്ട്രോണിക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിക്കണം.
കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ഈ രണ്ട് രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഒമാനിൽ എത്തുന്ന മറ്റ് യാത്രക്കാർക്കും ഒമാനിൽ എത്തുന്നതിന് മുൻപുള്ള 21 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കുമാണ് ഈ നിബന്ധന ബാധകമാകുന്നത്.
ക്യുആർ കോഡ് വഴി വിവരങ്ങൾ സമർപ്പിക്കണം. നിയമം ബാധകമായ യാത്രക്കാർ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി, ഇതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം പൂർത്തിയാക്കേണ്ടതുണ്ട്. കോംഗോയിലും ഉഗാണ്ടയിലും 'ബുന്ദിബുഗ്യോ' വൈറസ് വകഭേദം മൂലമുണ്ടാകുന്ന എബോള രോഗബാധ തുടർച്ചയായി പടരുന്നതായും സംശയാസ്പദമായ കേസുകൾ വർധിക്കുന്നതായും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയവുമായും മെഡിക്കൽ റെസ്‌പോൺസ് സെക്ടറുമായും ഏകോപിപ്പിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്.
രാജ്യത്തെ പ്രവേശന കവാടങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. ഒമാനിലേക്ക് സർവീസ് നടത്തുന്ന എല്ലാ എയർലൈൻ കമ്പനികളും യാത്രക്കാരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.


