' മദ്യം ' മദ്യമാകണമെങ്കില്‍ മണം മാത്രം പോരെന്നും മദ്യമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലവും വെണമെന്ന് ഹൈക്കോടതി.
എറണാകുളം : മദ്യത്തിന്റെ മണമുള്ളത് കൊണ്ട് മാത്രം മദ്യപിച്ചതിന് കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. ' മദ്യം ' മദ്യമാകണമെങ്കില് മണം മാത്രം പോരെന്നും മദ്യമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലവും വെണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വൈക്കം താലൂക്ക് ആശുപത്രിയുടെ മുന്നിലുള്ള റോഡരികില് മദ്യപിച്ചെന്ന് ആരോപിച്ച് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കാന് വൈക്കം സ്വദേശി എം. കെ. മുകേഷ് സമര്പ്പിച്ച ഹര്ജി അനുവദിച്ച് കൊണ്ടാണ് ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്. മുകേഷിനെ അറസ്റ്റ് ചെയ്ത ശേഷം ആല്കോമീറ്റര് ടെസ്റ്റ് നടത്തിയെങ്കിലും 100 മില്ലി ലീറ്റര് ശ്വാസത്തില് മദ്യത്തിന്റെ അളവ് 12777.3 മില്ലി ഗ്രം എന്ന വിചിത്രമായ റീഡിങ്ങ് ആണുണ്ടായത്. ഇത് യന്ത്രത്തകരാറാണെന്നായിരുന്നു പൊലീസ് വിശദീകരണം. മുകേഷിന്റെ പക്കല്നിന്നും 50 മില്ലി ലിറ്റര് മദ്യം മാത്രമാണ് പിടിച്ചെടുത്തത്. ഇത് രാസപരിശോധനയ്ക്കയച്ചിട്ടില്ല. ആല്കോ മീറ്റര് റീഡിങ്ങ് തെറ്റായതിനാല് ഇതിനെ ആശ്രയിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
എന്നാല് മദ്യത്തിന്റെ മണം അടിസ്ഥാനമാക്കി മാത്രമാണ് ഡോക്ടര് മദ്യപിച്ചെന്ന സര്ട്ടിഫിക്കറ്റ് നല്കിയത്. മദ്യത്തിന്റെ മണം മാത്രം അടിസ്ഥാനമാക്കി എങ്ങനെയാണ് മദ്യപിച്ചെന്ന നിഗമനത്തിലെത്തുകയെന്നും കോടതി ചോദിച്ചു. ഈ കേസില് ലാബ് റിപ്പോര്ട്ടില്ല. രക്തത്തിലെ മദ്യത്തിന്റെ അളവ് വ്യക്തവുമല്ല. യാതൊരു ശാസ്ത്രീയ തെളിവുകളും കേസിലില്ലെന്നും അതിനാല് കേസ് തുടരുന്നതില് കാര്യമില്ലെന്നും കോടിതി വ്യക്തമാക്കി.
പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുക്കണമെങ്കില് പ്രതി കഴിച്ചതും പൊലീസ് പിടിച്ചതും മദ്യം തന്നെയാണെന്ന് തെളിയിക്കണം. അബ്കാരി നിയമം 15 (സി) അനുസരിച്ച് കേസ് നിലനില്ക്കണമെങ്കില് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഒരാള്ക്ക് മദ്യത്തിന്റെ മണമുണ്ടാകുന്നത് മദ്യം കഴിച്ചത് കൊണ്ടാകണമെന്ന് എല്ലായിപ്പോഴും നിര്ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. മണവും രുചിയും പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴിയും പ്രോസിക്യൂഷന് ആധാരമാക്കുകയും ആല്കോ മീറ്റര് പരിശോധനാ ഫലം ഇല്ലാതിരിക്കുകയും ചെയ്താല് ആശുപത്രിയിലെത്തിച്ച് രക്തം പരിശോധിച്ച് മദ്യത്തിന്റെ അളവ് കണ്ടെത്തണമെന്നും കോടതി നിര്ദ്ദേശിച്ചു.
