തിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും ചോദ്യം ചെയ്യാനായി കോടതി പൊലീസ് കസ്റ്റസിയില്‍ വിട്ടു. ഗൂഡാലോചന കേസില്‍ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

വിപിന്‍ കൊലപാത കേസിന്റെ ഗൂഡാലോചനാ കുറ്റത്തിന് അറസ്റ്റിലായ തിരൂര്‍ കാഞ്ഞിരക്കുറ്റി സ്വദേശി സുഹൈല്‍, പറവണ്ണ സ്വദേശി മുഹമ്മദ് അന്‍വര്‍ എന്നിവരെയാണ് ഇന്ന് പൊലീസ് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ മുഖ്യപങ്കുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ആ കേസിലെ രണ്ടാം പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തീരുമാനിച്ചതും ഏകോപിപ്പിച്ചത് സുഹൈലും മുഹമ്മദ് അന്‍വറുമാണ്. 

ബാക്കി പ്രതികളെ പിടികൂടാനും കുറ്റകൃത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഇരുവരേയും വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു പേരേയും പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് ഇരു പ്രതികളേയും ഗൂഡാലോചന നടത്തിയ പൊന്നാനി, എടപ്പാള്‍, നരിപറമ്പ് എന്നിവിടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുത്തു.