കഴുത്തില്‍ കുത്തി കുട്ടിയെ കൊലപ്പെടുത്തി

റാഞ്ചി: ബലാത്സംഗം തടഞ്ഞ അഞ്ചുവയസുകാരിയെ കൊന്ന ബന്ധുവായ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലാണ് സംഭവം.ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ബലാത്സംഗം ചെയ്യാനാണ് പ്രതി ശ്രമിച്ചത്. എന്നാല്‍ അഞ്ചുവയസുകാരി ഇത് എതിര്‍ത്തതോടെ ഇയാള്‍ കത്തിയുപയോഗിച്ച് കഴുത്തില്‍ കുത്തി കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് കെട്ടിടത്തിലെ ഡസ്റ്റ്‍ബിന്നില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഏപ്രില്‍ നാലിനാണ് സംഭവം. എന്‍ടിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയും പങ്കെടുത്തിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ആഭരണങ്ങളും കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവാവ് തിരിച്ചിറങ്ങുന്നത് കണ്ടതായി ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.