ഗോശാല നിർമ്മിക്കാൻ പോകുന്ന വിവരം സ്കൂളിൽ അറിയിച്ചിട്ടില്ലെന്നും നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍  മുഹമ്മദ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.

ലക്നൗ: ഉത്തർപ്രദേശിൽ സ്‌കൂള്‍ ഗ്രൗണ്ട് ഗോശാലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. ബല്‍റാംപൂരിലെ ഫസല്‍-ഇ-റഹ്മാനിയ ഇന്റര്‍കോളേജ് സ്‌കൂളിലെ ​ഗ്രൗണ്ടാണ് ഗോശാല നിർമ്മിക്കുന്നതിനുവേണ്ടി അധികൃതർ ഉത്തരവിട്ടത്. ഇതോടെ സ്കൂൾ അധികൃതർ പ്രധിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു. 40 വർഷമായി വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലം വിട്ടുനൽകില്ലെന്നും ​ഗോശാല നിർമ്മിച്ചാൽ കേസെടുക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. 

സ്കൂളിന്റെ 2.5 ഏക്കര്‍ വരുന്ന ​ഗ്രൗണ്ടാണ് ​ഗോശാലയാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. അതേ സമയം ​ഗോശാല നിർമ്മിക്കാൻ പോകുന്ന വിവരം സ്കൂളിൽ അറിയിച്ചിട്ടില്ലെന്നും നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ മുഹമ്മദ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.

1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എൻ ഡി തിവാരി സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് വിദ്യാർത്ഥികളുടെ പ്രകടനം കണ്ടാണ് അദ്ദേഹം ഭൂമി നൽകിയത്. 40 വർഷത്തോളമായി ​ഗ്രൗണ്ട് ഉപയോ​ഗിക്കുന്നുണ്ട്. അത് സംബന്ധിച്ച രേഖകളും കൈവശം ഉണ്ട്; മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു. ഏകദേശം 1,500 ഓളം വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ടെന്നും ഗോശാലകൾ നിർമ്മിക്കുകയാണെങ്കിൽ അവരുടെ കളിസ്ഥലമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഈ ഭൂമി ​ഗ്രമസഭയുടെതാണെന്ന വാദവുമായി പച്ച്പെർവാ ‌പ്രദേശത്തെ ഗ്രാമ ലേഖ്പാലായ രമേഷ് ചന്ദ്ര രം​ഗത്തെത്തി. ഭുമി നൽകിയില്ലെങ്കിൽ സ്കൂളിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്കൂളിന്റെതല്ല ഗ്രൗണ്ടെന്ന് തുള്‍സിപൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിശാല്‍ യാദവ് പറഞ്ഞു. തരിശായി കിടന്ന ഭൂമി കുട്ടികള്‍ കളിസ്ഥലമായി ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ഗ്രമത്തില്‍ ഒഴിഞ്ഞു കിടക്കുന്ന മറ്റ് നിരവധി ഭൂമികള്‍ ഉണ്ട്. അധികൃതര്‍ എന്തുകൊണ്ടാണ് അവ തെരഞ്ഞെടുക്കാതെ കുട്ടികളുടെ കളിസ്ഥലം ഗോശാല നിര്‍മ്മിക്കാന്‍ തെരഞ്ഞെടുക്കാത്തത്. സ്‌പോര്‍ട്‌സില്‍ അവഗാഹമുള്ള നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അടുത്തിടെയായി ഉത്തര്‍പ്രദേശിനെ പ്രധിനിധീകരിച്ചുകെണ്ട് സംസ്ഥാന സ്പേർട്സ് മീറ്റില്‍ കുട്ടകൾ പങ്കെടുത്തിരുന്നു. എന്തിന് വേണ്ടിയാണ് ഇവരുടെ കഴിവുകള്‍ ഇല്ലാതാക്കള്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്- സ്‌കൂൾ മാനേജര്‍ ഷരിഖ് റിസ്വി പറഞ്ഞു.