Asianet News MalayalamAsianet News Malayalam

പശുവിനെ കൊന്നത് ദളിതരല്ല സിംഹമാണെന്ന് ഗുജറാത്ത് സി ഐ ഡി

Cow was killed by lion, not Dalit men flogged by gau rakshaks: CID
Author
First Published Jul 27, 2016, 2:06 PM IST

അഹമദാബാദ്: ഗുജറാത്തിലെ ഉനയില്‍ ഗോവധമാരോപിച്ച് ദളിത് യുവാക്കളെ തല്ലിച്ചതച്ചയ്ക്കാനിടയായ സംഭവത്തിലെ പശുവിനെ കൊന്നത് സിംഹമാണെന്ന് ഗുജറാത്ത് സിഐഡി റിപ്പോര്‍ട്ട്. രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ സംഭവത്തിലാണ് പശുവിനെ കൊന്നത് അക്രമത്തിനിരയായ ദളിതരല്ല മറിച്ച് സിംഹമാണെന്ന സുപ്രധാന റിപ്പോര്‍ട്ട്.

ജൂലൈ 11നാണ് ഉനയില്‍ പശുവിനെ കൊന്ന് തോലുരിച്ചു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. അര്‍ധനഗ്‌നരാക്കി കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. എന്നാല്‍ ഗോരക്ഷക് പ്രവര്‍ത്തകരുടെ വാദം തെറ്റാണെന്നാണ് ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുള്ള സിഐഡി റിപ്പോര്‍ട്ട്.

എന്നാല്‍ ആരാണ് പശുവിനെ കൊന്ന് തൊലിയുരിയുന്നു എന്ന വിവരം അറിയച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ് സൂചന. ഉന പൊലീസ് റിപ്പോർട്ട് പ്രകാരം ഒരു നരൻഭായിയാണ് ഗോരക്ഷാപ്രവർത്തകർക്ക് രഹസ്യ വിവരം നൽകിയത്.

ഉന പൊലീസ് രേഖകളനുസരിച്ച് ഉച്ചയ്ക്ക് 1.30 നാണ് നരന്‍ഭായ് എന്നയാള്‍ ഗോവധം നടന്നതായി പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ രാവിലെ 10 മണിക്കാണ് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

മർദ്ദനമേറ്റ വാസാറാമിന്റെ പിതാവ് ബാലു സർവയ്യ ബേദിയ ഗ്രാമത്തിൽ നിന്നും രാവിലെ എട്ടു മണിയോടെ സിംഹം കൊന്ന ഒരു പശുവിന്റെ അവശിഷ്ടങ്ങൾ മറവുചെയ്യാൻ ഒരാളെ വേണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഫോൺ വന്നതായി പറയുന്നു. തുടർന്ന് അതിനായി അദ്ദേഹം മകനെ അയച്ചു.

ഗ്രാമത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ വെച്ച് വാസാറാമും മറ്റുള്ളവരും പശുവിന്റെ തോലുരിക്കുമ്പോൾ വെള്ള നിറത്തിലുള്ള ഒരു വാഹനം അതു വഴി കടന്നു പോയി. കുറച്ചു സമയത്തിനുള്ളിൽ മോട്ടോർ സൈക്കിളുകളിൽ മുപ്പത്തഞ്ചിലധികം പേരുമായി തിരികെയെത്തിയ അവർ വാസാറാമിനെയും കൂടെയുള്ളവരെയും മർദ്ദിക്കുകയായിരുന്നു.

എന്തിനാണ് പശുവിനെ കൊന്നതെന്ന് ചോദിച്ച് വടികളും പട്ടികയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മക്കളെ ജനക്കൂട്ടം തല്ലിച്ചതയ്ക്കുന്നതറിഞ്ഞ് ഓടിയെത്തിയ തന്നെയും ഭാര്യ കുന്‍വറിനെയും അക്രമികള്‍ മര്‍ദ്ദിച്ചെന്നും ബാലു പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട്  ആദ്യ അഞ്ച് പ്രതികളെ ഗുജറാത്ത് സിഐഡി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തിയവരെയും സോഷ്യല്‍ മീഡിയയില്‍ അവ പ്രചരിപ്പിച്ചവരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താനുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അക്രമികളെ വിളിച്ചുകൂട്ടിയവരെ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണോദ്യയോഗസ്ഥന്‍  ഗിര്‍ സോമനാഥ് ഡിവൈഎസ്പി കേശവ്ജി സരദവ പറഞ്ഞു. അഹിറിന്റെ പശുവിനെ സിംഹം കൊന്നതാണെന്നതിന് ദൃക്‌സാക്ഷി മൊഴികളുണ്ടെന്നും സരദവ പറഞ്ഞതായി മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ദളിതര്‍ക്കെതിരായ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ച പറ്റിയെന്നും വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് നാല് പൊലീസുകാരെ അന്വേഷണ വിധേയമായി  സസ്‌പെന്‍റ് ചെയ്തിട്ടുണ്ട്.

 

 

 

Follow Us:
Download App:
  • android
  • ios