ഇടുക്കി: മന്ത്രിതലസമിതിയുടെ സന്ദര്‍ശനം കൊണ്ടൊന്നും ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. കുറിഞ്ഞി ഉദ്യാനത്തില്‍ വ്യാജപട്ടയം ഉള്ള വന്‍കിട കയ്യേറ്റക്കാരുണ്ടെന്നും ഇവരെ ഒഴിവാക്കേണ്ടി വരുമെന്നും കെ.കെ. ശിവരാമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിയമനടപടിയിലൂടെയാണ് ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത്. ജോയിസ് ജോര്‍ജ്ജിന് വേണമെങ്കില്‍ അപ്പീല്‍ പോകാം. ഭൂപ്രശ്നങ്ങളില്‍ മന്ത്രി എംഎം മണിക്ക് വ്യത്യസ്ത നിലപാടുകളുണ്ട്.അതേസമയം സിപിഐയുടെ നിലപാട് കൂടി പരിഗണിച്ചേ തീരുമാനമെടുക്കാനാകൂ. മന്ത്രിതലസമിതിയുടെ സന്ദര്‍ശനം വിവാദമേഖലയിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കാനാണെന്ന വ്യാജപ്രചരണം ചിലര്‍ നടത്തുന്നുണ്ടെന്നും കെകെ ശിവരാമന്‍ പറഞ്ഞു.

ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. കുറഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്ത സ്ഥലത്തെ ഭൂമി പരിശോധനകള്‍ക്ക് മുന്നോടിയായി മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേരും.