തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കാതെ സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം. നരേന്ദ്ര മോദി സര്‍ക്കാരിനെ നേരിടാന്‍ മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം ദേശീയ തലത്തില്‍ ഒറ്റ തെരഞ്ഞെടുപ്പ് അടവുനയം സാധ്യമല്ലെന്നും പറഞ്ഞുവെക്കുന്നു.

ഒരേ അടവു നയം എല്ലാ സംസ്ഥാനങ്ങളിലും പ്രയോഗികമല്ല. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. കൊല്ലത്ത് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയമാണ് സിപിഐ ഔദ്യോഗികമായി പുറത്ത് വിട്ടത്.

കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎമ്മില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകുമ്പോള്‍ കോണ്‍ഗ്രസിന്‍റെ പേര് പറയാതെയാണ് തെരഞ്ഞെടുപ്പിലെ അടവു നയം സിപിഐ വിശദീകരിക്കുന്നത്. ദേശീയതലത്തില്‍ ഒരു നയം സാധ്യമല്ല. ഒരോ സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അടവു നയം രൂപീകരിക്കുക. 

കെഎം മാണിയുടെ മുന്നണി പ്രവേശന കാര്യത്തില്‍ ഘടകക്ഷികളുമായി ആലോചിച്ച് ഇടതുമുന്നണി തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ സിപിഐ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. കോൺഗ്രസിൻറെ പേര് പരാമർശിക്കുന്നില്ലെങ്കിലും ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായും കൂട്ടുകെട്ടിന് സാധ്യതയുണ്ടെന്നാണ് സിപിഐ പറഞ്ഞു വയ്ക്കുന്നത്.