ഇന്ന് ചേർന്ന കേരള ഘടകം യോഗത്തിൽ ഇക്കാര്യം കേരള പ്രതിനിധികൾ ഒറ്റക്കെട്ടായി അറിയിക്കണം എന്ന് വി എസ് സുനിൽ കുമാർ, ഡി സജി എന്നിവർ ആവശ്യപ്പെട്ടു.

ചണ്ഡീ​ഗഡ്: എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺ‌​ഗ്രസിൽ നിർദേശവുമായി കേരള ഘടകം. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെടും. ഇന്ന് ചേർന്ന കേരള ഘടകം യോഗത്തിൽ ഇക്കാര്യം കേരള പ്രതിനിധികൾ ഒറ്റക്കെട്ടായി അറിയിക്കണം എന്ന് വി എസ് സുനിൽ കുമാർ, ഡി സജി എന്നിവർ ആവശ്യപ്പെട്ടു. പ്രതിനിധികൾ നിർദേശം അംഗീകരിച്ചു. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതും നേതാക്കൾ ഉയർത്തിക്കാട്ടും.

അതേ സമയം, ജനറൽ സെക്ര‌ട്ടറി സ്ഥാനത്ത് ഡി രാജ മാറുന്നതിൽ തർക്കം നിലനിൽക്കെ പാർട്ടിയിൽ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാലാകാലം നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നു. എപ്പോഴും വലിയ പാർട്ടികളെ ആശ്രയിച്ച് നിൽക്കാതെ ഒറ്റയ്ക്ക് വളരണം എന്നും ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു. ഡി രാജക്ക് പ്രയപരിധിയിൽ ഇളവ് നൽകാൻ ആകില്ലെന്ന് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വൻ ബഹുജന റാലിയോടെ ആണ് ചണ്ഡീഗഡിൽ സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് തുടക്കമായത്. കേന്ദ്ര സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന് സമ്മേളനത്തിലെ പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ട് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. കാലാകാലം നേതാക്കൾ മാറാതിരിക്കുന്നത് പാർട്ടിയിൽ മുരടിപ്പിന് ഇടയാക്കുന്നു. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. അന്യ പ്രവണതകൾ പാർട്ടിയിൽ കൂടിവരുന്നു. ചിലർ പാർട്ടി പദവികൾ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ പുറത്ത് പോയി പാർട്ടിയെ അപമാനിക്കുന്നു. ഇപ്പോഴും മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ദൗർബല്യമാണ്. സ്ത്രീകൾക്ക് അധികാരം നൽകാൻ ആവില്ലെന്ന് കരുതുന്നവരും പാർട്ടിയിൽ ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

കേന്ദ്ര സെക്രട്ടറിയേറ്റിലെ അടക്കം നേതാക്കൾ പണിയെടുക്കണം. നേതാക്കൾക്ക് ടാർഗറ്റ് നൽകണം എന്നും മൂന്ന് മാസത്തിൽ ഒരിക്കൽ പ്രവർത്തന റിപ്പോർട്ട് എഴുതി വാങ്ങണം എന്നും രേഖ നിർദേശിക്കുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ഫണ്ട് പിരിക്കുന്നത്തിൽ കേരള ഘടകം നല്ല മാതൃക എന്നും രേഖ പുകഴ്ത്തി. ജന സെക്ര സ്ഥാനത്ത് ഒരു ടേം കൂടി വേണം എന്ന നിർദേശം d രാജ ശക്തമാക്കുമ്പോൾ കേരള ഘടകം ഒന്നടങ്കം എതിർക്കുകയാണ്. പ്രായപരിധി പാർട്ടി കോൺഗ്രസ് തീരുമാനിച്ചതാണ് എന്ന് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാൽ വടക്കേ ഇന്ത്യയിലെ ചില ഘടകങ്ങൾ ഡി രാജ തുടരട്ടെ എന്ന നിലപാടിലാണ്. കേരള ഘടകം പരസ്യ എതിർപ്പ് പ്രക‌‌ടിപ്പിക്കുന്നതിലെ അതൃപ്തി ആനി രാജ ഇന്ന് മറച്ചു വച്ചില്ല. പാർട്ടിയുടെ സംഘടനാ ശക്തി കൂട്ടാനുള്ള 14 നിർദേശങ്ങളാണ് സംഘടന റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നത്. നേതൃപദവിയിൽ മാറ്റം വേണം എന്ന ആവശ്യം ശക്തമാക്കാൻ റിപ്പോർട്ടും കേരള ഘടകം ആയുധമാക്കാൻ ആണ് സാധ്യത.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming