സുധാകര റെഡ്ഢി തുടര്‍ന്നേക്കും  ദേശിയ കൗണ്‍സിലില്‍ അഴിച്ചു പണിക്കു സാധ്യത 

കൊല്ലം; കേന്ദ്ര നേതൃത്വത്തിലെ അഴിച്ചു പണിയോടെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി ആയി തുടരും. കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്നും 11 ആക്കും. 

വൃദ്ധരുടെ നേതൃ നിരയെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ച കേന്ദ്ര നേതൃത്വത്തില്‍ സമഗ്രമായ മാറ്റമാണ് കൊല്ലത്ത് പ്രതീക്ഷിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ മാറാമെന്ന് ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഢി പറഞ്ഞിട്ടുണ്ടെങ്കിലും പകരം ആളുടെ കാര്യത്തില്‍ സമവായം ആകാത്തതിനാല്‍ അദ്ദേഹം തുടരും. അതുല്‍ കുമാര്‍ അഞ്ജനോ, കെ.രാജയോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആകും. 

ദേശിയ കൗണ്‍സിലില്‍ 20 ശതമാനം പുതുമുഖങ്ങള്‍ ഉണ്ടാകും. കേരള പ്രതിനിധികളിലും മാറ്റത്തിന് സാധ്യത. കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് 15 പേര്‍ എത്തിയേക്കും. നിലവിലെ അംഗ സംഖ്യ 14. സി.എന്‍. ചന്ദ്രനും, സി.എ. കുര്യനും, കെ.രാജനും ഒഴിവാകും. കെ.പി. രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി.പ്രസാദ് എന്നിവര്‍ കൗണ്‍സിലില്‍ ഇടം പിടിച്ചേക്കും . ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്ള പന്ന്യന് രവീന്ദ്രന് പകരം ബിനോയ് വിശ്വം എത്തും. പന്ന്യനെ കേന്ദ്ര കണ്ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനാക്കാനാണ് സാധ്യത.