പശ്ചിമബംഗാളില്‍ പാര്‍ട്ടി നയം ലംഘിച്ചു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. പിബിയുടെ നിലപാടിനൊപ്പം ബംഗാള്‍ ഘടകത്തിന്റെ നിലപാടും നാളെ ചേരുന്ന കേന്ദ്ര കമ്മിറ്റിക്കു മുമ്പാകെ വയ്‌ക്കും. സംസ്ഥാനഘടകം നിര്‍ദ്ദേശിക്കുന്ന പദവി ഏറ്റെടുക്കണം എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസ് അച്യുതാനന്ദനോട് ആവശ്യപ്പെടും.

പശ്ചിമബംഗാളില്‍ പാര്‍ട്ടി സംസ്ഥാനഘടകം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനവുമായി ഒത്തു പോകുന്നതല്ല എന്ന നിലപാട് നേരത്തെ സിപിഎം പിബി പരസ്യമായി പറഞ്ഞിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിനു മുമ്പ് ചേര്‍ന്ന പിബിയും നിലപാട് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സഖ്യത്തെ ന്യായീകരിച്ച് സംസ്ഥാന ഘടകം തയ്യാറാക്കിയ റിപ്പോര്‍ട്ട് പിബിയിലെ ഭൂരിപക്ഷം തള്ളി. എന്നാല്‍ സംസ്ഥാന ഘടകത്തിന്റെ നിലപാടും പിബിയുടെ അഭിപ്രായത്തിനൊപ്പം കേന്ദ്രകമ്മിറ്റിയില്‍ വയ്‌ക്കും. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയ്‌ക്കു ശേഷം പാര്‍ട്ടി അന്തിമ അഭിപ്രായം പറയും. വിഎസ് അച്യുതാനന്ദന്റെ പദവിയെക്കുറിച്ച് കാര്യമായ ചര്‍ച്ച പിബിയില്‍ ഉണ്ടായില്ല. വിഎസിന്റെ പദവിയെക്കുറിച്ചുള്ള തീരുമാനം നീട്ടിക്കൊണ്ടു പോകരുതെന്നും പിബി കമ്മിഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ വിഎസ് അച്യുതാനന്ദനുമായി യെച്ചൂരി സംസാരിക്കും. പദവി ഏറ്റെടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെടും. വിഎസ് പറയുന്ന നിലപാട് കേന്ദ്രകമ്മിറ്റി പൂര്‍ത്തിയാകും മുമ്പ് ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തെ യെച്ചൂരി അറിയിക്കും. കേന്ദ്ര കമ്മിറ്റിക്കായി ദില്ലിയിലെത്തിയ വിഎസ് പദവിയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല

 കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച ഏറെ ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പ് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് നല്കുന്നുണ്ട്.