തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചര്‍ച്ചയില്‍ സിപിഎം മന്ത്രിമാര്‍ക്ക് നേരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് അംഗങ്ങള്‍. ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഐ മന്ത്രിമാര്‍ എന്നിവര്‍ക്കെല്ലാം വിമര്‍ശനം നേരിടേണ്ടി വന്നു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന അഭ്യന്തരവകുപ്പിന് നേരെ കടുത്ത വിമര്‍ശനമാണ് കണ്ണൂര്‍ ഘടകത്തില്‍ നിന്നുണ്ടായത്. 

കണ്ണൂര്‍ ഘടകത്തെ പ്രതിനിധീകരിച്ചു പൊതുചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എന്‍.ചന്ദ്രനാണ് അഭ്യന്തരവകുപ്പിനെ വിമര്‍ശിച്ചത്. സ്വന്തം സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും പോലീസില്‍ നിന്നും അനീതിയാണ് കണ്ണൂരിലെ പാര്‍ട്ടിക്ക് ലഭിക്കുന്നതെന്ന് എന്‍.ചന്ദ്രന്‍ പറഞ്ഞു. സിപിഎം സര്‍ക്കാര്‍ ഭരിക്കുന്നതിന്റെ പേരില്‍ വഴിവിട്ട സഹായങ്ങളൊന്നും തങ്ങള്‍ ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും എന്നാല്‍ പോലീസില്‍ നിന്നും സ്വാഭാവിക നീതി ലഭിക്കണമെന്നും ചന്ദ്രന്‍ പറഞ്ഞു. 

കണ്ണൂരിനെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എന്‍.പ്രകാശ് കണ്ണൂരിലെ അക്രമങ്ങളെ ന്യായീകരിച്ചാണ് സംസാരിച്ചത്. കൊലപാതകരാഷ്ട്രീയത്തെ തങ്ങളാരും ന്യായീകരിക്കുന്നില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ സുഖലോലുതയില്‍ കഴിയുന്ന മറ്റു ജില്ലയിലുള്ളവര്‍ക്ക് കണ്ണൂരില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി എന്താണെന്ന് മനസ്സിലാവിലെന്ന് പ്രകാശ് പറഞ്ഞു. 

ഷുഹൈബ് വധത്തെതുടര്‍ന്ന് കണ്ണൂര്‍ ഘടകത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. 

ജിഎസ്ടിയെ വഴിവിട്ട് പിന്തുണച്ച തോമസ് ഐസകിനെ പ്രതിനിധികള്‍ വിമര്‍ശിച്ചു. ആരോഗ്യവകുപ്പില്‍ നാഥനില്ലാത്ത അവസ്ഥയാണെന്നും കടന്നപ്പള്ളി രാമചന്ദ്രന്റെ ഏകജോലി ഉദ്ഘാടനം മാത്രമാണെന്നും വിമര്‍ശനമുണ്ടായി. മന്ത്രിമാരെന്ന നിലയില്‍ ശശീന്ദ്രനും തോമസ് ചാണ്ടിയും തികഞ്ഞ പരാജയമായിരുന്നുവെന്ന് ആരോപിച്ച അംഗങ്ങള്‍ കെഎസ്ആര്‍ടിസിക്കുണ്ടായ തകര്‍ച്ച ഗൗരവമായി കാണണമെന്നും അഭിപ്രായപ്പെട്ടു.