തൃശൂർ: സംസ്ഥാന സമ്മേളനത്തിനുള്ള പണം ശേഖരിക്കാന്‍ അംഗങ്ങളുടെ വീടുകളിൽ സിപിഐഎം മണ്‍കുടുക്കകൾ സ്ഥാപിച്ചു. ചേലക്കര മേഖലയിലെ മൺപാത്ര തൊഴിലാളികൾ നിർമ്മിച്ചതാണ് സാമാന്യേന വലുപ്പമുള്ള കാശുകുടുക്കകൾ. ജില്ലയിൽ 40,284 അംഗങ്ങളാണ് സിപിഐഎമ്മിനുള്ളത്. ഒന്നിലേറെ അംഗങ്ങളുള്ള വീടുകളിൽ പക്ഷെ കുടുക്ക ഒന്നേ സ്ഥാപിക്കൂ. 

ഏകദേശം 35,000 ത്തിലേറെ കുടുക്കകൾ ഇതിനകം വീടുകളിൽ സ്ഥാപിച്ചുകഴിഞ്ഞു. ദിവസവും 10 രൂപയ്ക്ക് മേലെ കുടുക്കയില്‍ നിക്ഷേപിച്ച് കുറഞ്ഞത് 500 രൂപ ഒരു പാര്‍ട്ടി അംഗം സമ്മേളനത്തിനായി നല്‍കും. 2018 ഫെബ്രുവരി 22 മുതലാണ് സമ്മേളനം. ഇതിനു മുമ്പായി പണം ശേഖരിച്ച് ബ്രാഞ്ച് ഘടകങ്ങൾ വഴി മേൽ കമ്മിറ്റിക്ക് കൈമാറും.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കോര്‍പറേറ്റുകളില്‍ നിന്ന് പണം വാങ്ങില്ലെന്നാണ് ഇതുവഴിയുള്ള സന്ദേശം. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശൂർ ജില്ലയിൽ മാത്രമാണ് കുടുക്ക വഴിയുള്ള പണ സമാഹരണം. പാര്‍ട്ടി അംഗങ്ങളില്‍ നിന്നുള്ള പണശേഖരത്തിനൊപ്പം 2018 ഫെബ്രുവരി നാല്, അഞ്ച് തിയതികളില്‍ വിപുലമായ ഹുണ്ടികപ്പിരിവു നടത്തിയുമാണ് സംസ്ഥാന സമ്മേളനത്തിന് മുഖ്യമായും പണം ശേഖരിക്കുന്നത്.

പാർട്ടിയുടെ പൊതുഫണ്ട് പ്രവർത്തനത്തിന് പിറകെ ഇ.കെ നായനാർ ഫണ്ടും ചേലക്കര ഭൂമി വാങ്ങൽ ഫണ്ട്, ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം വരെയുള്ള നടത്തിപ്പ്-പ്രചാരണ-പ്രകടന ചെലവുകൾ എന്നിവയെല്ലാം ഘടകങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനം തീരുന്ന മുറയക്ക് പാർട്ടി പത്രത്തിനുള്ള പിരിവുകൂടിയെത്തുമെന്നതും പ്രയാസമാണെന്നാണ് ബ്രാഞ്ച് സെക്രട്ടറിമാരുടെ വിലാപം.