പ്രായഭേദമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ പുതിയ സംവിധാനങ്ങളേർപ്പെടുത്തുമോയെന്ന ചോദ്യത്തിന് തീര്‍ഥാടകര്‍ ആരായാലും സൗകര്യം ഒരുക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി
കണ്ണൂര്‍: അയ്യപ്പ ഭക്തർക്കായി ഈ മണ്ഡലകാലത്തും കണ്ണൂരിൽ വിപുലമായ സൗകര്യങ്ങളൊരുക്കാൻ സിപിഎം. തിരക്ക്
കണക്കിലെടുത്ത് ഇത്തവണ രണ്ടിടത്ത് ഇടത്താവളം തുടങ്ങാനാണ് ആലോചന. ബക്കളത്തെ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലാണ് മൂന്ന് വർഷമായി ഐആർപിസി ശബരിമല ഇടത്താവളം ഒരുക്കാറുള്ളത്.
വിശ്രമം, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളും നൽകും. താവം റെയിൽവേ മേൽപ്പാലം തുറന്നതോട് കൂടി ഭക്തർ ദേശീയപാതയിൽ നിന്ന് മാറി ഇതുവഴി പോകുമെന്നത് കണക്കിലെടുത്താണ് പുതിയ ഇടത്താവളം കൂടി തുറക്കുന്നത്. പ്രായഭേദമില്ലാതെ സത്രീ പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ പുതിയ സംവിധാനങ്ങളേർപ്പെടുത്തുമോയെന്ന ചോദ്യത്തിന് തീര്‍ഥാടകര്‍ ആരായാലും സൗകര്യം ഒരുക്കുമെന്ന് പി ജയരാജൻ വ്യക്തമാക്കി.
ഭക്തരെ ലക്ഷ്യമിട്ടല്ലെങ്കിലും മണ്ഡലകാലം തുടങ്ങുന്നതിന് മുൻപായി കണ്ണൂർ നഗരം കേന്ദ്രീകരിച്ചുള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന ഐആർപിസിയുടെ ആശ്രയ ഹെൽപ്പ് ഡെസ്ക്കും ഒരുങ്ങുകയാണ്. പാരാമെഡിക്കൽ സ്റ്റാഫും, ആംബുലൻസും ഉൾപ്പടെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുണ്ടാവുക. മൂന്നാം തിയതി ആരോഗ്യമന്ത്രിയാണ് ഇത് ഉദ്ഘാടനം ചെയ്യുക.
