ചെറിയ ഒരു പ്രശ്നം പര്‍വ്വതീകരിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടായാണ് ശ്രമിക്കുന്നതെന്ന് സി.പി.എം

കോഴിക്കോട്: കോടഞ്ചേരിയില്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് ഈ കേസെന്നാണ് വിശദീകരണം. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.

ജനുവരി 28നാണ് കോഴിക്കോട് കോ‍ടഞ്ചേരി തേനംകുഴി സിബി ചാക്കോയ്ക്കും കുടുംബത്തിനും അയല്‍വാസികളില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നത്. അതില്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. സിബിയുടെ ഗര്‍ഭിണിയായ ഭാര്യ ജോത്സ്നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴ് പേര്‍ അറസ്റ്റിലായി. ഇതിനെ തുടര്‍ന്നാണ് കോടഞ്ചേരിയില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്. കള്ളക്കേസാണിതെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നുള്ള രാഷ്ട്രീയ ഗൂഡാലോചനയാണെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്.

ചെറിയ ഒരു പ്രശ്നം പര്‍വ്വതീകരിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടായാണ് ശ്രമിക്കുന്നതെന്നും ഇതിന് മാത്രം എന്ത് പാതകമാണ് പാര്‍ട്ടി ചെയ്തതെന്നും സി.പി.എം ഏരിയ സെക്രട്ടറി പി വിശ്വനാഥന്‍ ചോദിച്ചു. ചെമ്പുകടവ് സ്കൂളില്‍ നടക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സിപിഎം ആരോപിക്കുന്നു. രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്പ് നഗരത്തില്‍ പ്രകടനവും നടന്നു.