കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം ഇന്നുണ്ടാവും. പിബി ചേര്‍ന്ന് ധാരണയില്‍ എത്തിയില്ലെങ്കില്‍ യോഗത്തില്‍ വോട്ടെടുപ്പിലൂടെ നയം തീരുമാനിക്കും. 63 പേരാണ് ഇന്നലെ രാഷ്‌ട്രീയനയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് സഹകരണത്തിന്റെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റി രണ്ടു തട്ടിലാണെന്ന് വ്യക്തമാക്കുന്ന ചര്‍ച്ചയാണ് നടന്നത്. രാജ്യസഭാ സീറ്റു ചര്‍ച്ച ചെയ്‍തതിനെക്കാള്‍ പിന്തുണ യെച്ചൂരിക്ക് കിട്ടി. എന്നാല്‍ നയം വിജയിപ്പിക്കാനുള്ള പിന്തുണ കിട്ടുമെന്ന് ഉറപ്പില്ല. തമിഴ്നാട്, ആന്ധ്ര, തെലങ്കാന ഘടകങ്ങളില്‍ നിന്നും രണ്ടഭിപ്രായം ഉയര്‍ന്നു. വി എസ് അച്യുതാനന്ദനും തോമസ് ഐസകും ഒഴികെ കേരളഘടകത്തില്‍ നിന്നു സംസാരിച്ച എല്ലാവരും യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തു. ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയതിനെ കേരള ഘടകം വീണ്ടും വിമര്‍ശിച്ചു.