ദില്ലി: ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ക്കെതിരെ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് നരേന്ദ്രമോദി നയങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. വര്‍ഗീയ ധ്രൂവീകരണം ബിജെപി അവസാനിപ്പിക്കണം. പാര്‍ലമെന്റിലാണ് ഇത്തരത്തിലുള്ള നയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതെന്നും യച്ചൂരി പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് വീണ്ടും സജീവമാക്കിയതിലൂടെ സാമൂഹികധ്രുവീകരണം നടത്താനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് എ കെ ആന്റണി പറഞ്ഞു. എന്നാല്‍ എല്ലാവിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമേ ഏക സിവില്‍ കോഡ് നടപ്പിലാക്കുകയുള്ളുവെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏകീകൃതസിവില്‍ കോഡിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രനിയമമന്ത്രാലയം നിയമകമ്മീഷനോട് ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ നീക്കം ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നായിരുന്നു ബി ജെ പി വക്താവ് ഷാനവാസ് ഹുസൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
