മൂന്നാര്‍: സിപിഎം-സിപിഐ തര്‍ക്കങ്ങള്‍ക്കിടെ മൂന്നാര്‍ മേഖലയില്‍ നാളത്തെ ഹര്‍ത്താലുമായി മുന്നോട്ടു പോകാനാണ് മൂന്നാര്‍ സംരക്ഷണ സമിതിയുടെ തീരുമാനം. മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മൂന്നാര്‍ സംരക്ഷണ സമിതിക്ക് സിപിഎമാണ് നേതൃത്വം നല്‍കുന്നത്. ഹര്‍ത്താലിന് സിപിഐയുടെ പിന്തുണയില്ല.
വനം - റവന്യൂ വകുപ്പുകള്‍ക്കെതിരെ സിപിഎം സമരം പ്രഖ്യാപിച്ചതോടെ ഇടുക്കിയിലെ ഇടതുമുന്നണിയിലും പൊട്ടിത്തെറി തുടരുകയാണ്. സബ്കളക്ടറെയും റവന്യൂ മന്ത്രിയെയും പ്രതിക്കൂട്ടിലാക്കാനാണ് സിപിഎം നീക്കം. എന്തായാലും ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. കയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണ് സമരമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ നേതൃത്വം.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്താന്‍ സിപിഎമ്മും പരാജയപ്പെടുത്താന്‍ സിപിഐയും ശ്രമം നടത്തും. കോണ്‍ഗ്രസ്സും ഹര്‍ത്താലിനെ പന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഹര്‍ത്താല്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. സിപിഎം - സിപഐ തര്‍ക്കം കൂടുതല്‍ വഷളാകാതിരിക്കാനുള്ള ശ്രമങ്ങള്‍ ജില്ലാ നേതാക്കള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ കൊട്ടക്കാമ്പൂരിലുള്‍പ്പെടെ കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടു പോകാന്‍ റവന്യൂ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുമുണ്ട്.
