രണ്ടുദിവസമായി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം ബംഗാള്‍ നിലപാടിനെ തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസുമായി സഹകരിച്ചത് തിരുത്തണം എന്ന നിര്‍ദ്ദേശം ശക്തമായി ഉയര്‍ന്നു. എന്നാല്‍ ഒരു പിളര്‍പ്പ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബംഗാളിനെതിരെ നടപടിയൊന്നും നിര്‍ദ്ദേശിക്കാത്തത്. അച്ചടക്ക നടപടിയെക്കാള്‍ രാഷ്ട്രീയമായ തിരുത്തലാണ് പാര്‍ടി തീരുമാനിച്ചത്. പരസ്യശാസന പോലുള്ള നടപടിയിലേക്ക് തിരിഞ്ഞാല്‍ ബംഗാള്‍ ഘടകം കടുത്ത നിലപാട് എടുക്കുമെന്ന് പിബി ഭയന്നു. ബംഗാളില്‍ തിരുത്തലിനായി പിബി അംഗങ്ങള്‍ പോകാനാണ് കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബംഗാളിലെ തോല്‍വിയുടെ പശ്ചാതലത്തില്‍ സീതാറാം യെച്ചൂരിയിലെ ജനസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും പാര്‍ടിയില്‍ ശ്രമം ഉണ്ടായിരുന്നു. ബൃന്ദാകാരാട്ടിന്റെ അടുത്ത അനുയായി ജഗ്മതി സാംഗ്മാന്‍ കടുത്ത നിലപാട് സ്വീകരിച്ചത് ഈ ഭിന്നതയുടെ സൂചനയാണ്. എന്തായാലും ബംഗാള്‍ ഘടകത്തെ തള്ളിക്കൊണ്ടുള്ള സിസി തീരുമാനം യെച്ചൂരിക്കും തിരിച്ചടിയാണ്. വി.എസ് പദവിയൊന്നും വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. പദവി ഏറ്റെടുക്കുമെങ്കില്‍ വി.എസിന് അത് നല്‍കാനുള്ള നിര്‍ദ്ദേശവും സംസ്ഥാന ഘടകത്തിന് കേന്ദ്ര കമ്മിറ്റി നല്‍കി.

അതേസമയം പദവി വേണമെങ്കില്‍ പാര്‍ടി നിര്‍ദ്ദേശിക്കുന്നത് തന്നെ വി എസിന് ഏറ്റെടുക്കേണ്ടിവരും. പിബി കമ്മീഷന്‍ പൂര്‍ത്തിയാകാത്ത വി എസിനെ സംസ്ഥാന ഘടകത്തില്‍ ഉള്‍പ്പെടുത്താനുമാകില്ല. പി ബി കമ്മീഷന്‍ നടപടികള്‍ വേഗത്തിലാക്കുമെങ്കിലും സമയപരിധി നിശ്ചയിക്കാതെയാണ് കേന്ദ്ര കമ്മിറ്റി പിരിഞ്ഞത്.