ഹിമാചലിൽ ഇന്ന് കൊട്ടിക്കലാശം. 68 മണ്ഡലങ്ങളിൽ മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഹിമാചല്‍ പ്രദേശില്‍ അല്‍പ്പമെങ്കിലും വേരോട്ടമുള്ള പാര്‍ട്ടി സിപിഎമ്മാണ്. 13 സീറ്റില്‍ മല്‍സരിച്ച് കൊണ്ട് ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം.

തലസ്ഥാനമായ ഷിംലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് തിയോഗ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കുഫ്രി കടന്നു വേണം മണ്ഡലത്തിലെത്താന്‍. ഇവിടെയുള്ള ഏക പൊതുസ്ഥലമായ പൊട്ടറ്റോ ഗ്രൗണ്ടില്‍ നരേന്ദ്രമോദിക്കെതിരെ കത്തിക്കയറുകയാണ് രാകേഷ് സിംഘ. ചരിത്രത്തില്‍ ചെങ്കൊടിയുമേന്തി ഹിമാചല്‍ നിയമസഭയില്‍ കയറിയ ഏക സിപിഎം എം എല്‍ എ. 1993ല്‍ ആയിരുന്നു സിംഘയുടെ വിജയം.

കഴിഞ്ഞ തവണ നാല് സീറ്റില്‍ മല്‍സരിച്ച സിപിഎം അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഷിംല അര്‍ബന്‍ സീറ്റിലായിരുന്നു. ഇത്തവണ പക്ഷെ വര്‍‍ധിച്ച ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. തിയോഗ് ഉള്‍പ്പെടെ 13 സീറ്റില്‍ പോരാട്ടം. മൂന്ന് സീറ്റില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ. തിയോഗ് ഉള്‍പ്പെടെ മൂന്ന് സീറ്റിലെങ്കിലും ചെങ്കൊടി പാറുമെന്ന് നേതൃത്വം സ്വപ്നം കാണുന്നു.

2012 ല്‍ ഷിംല കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍സ്ഥാനങ്ങള്‍ വെട്ടിപ്പിടിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. അന്ന് മേയറായിരുന്ന സഞ്ജയ് ചൗഹാനാണ് ഷിംല അര്‍ബനിലെ സ്ഥാനാര്‍ത്ഥി.